മുക്കം: കോവിഡ് വ്യാപനത്തെ തുടർന്ന് നാടണയുന്ന പ്രവാസികളെ ശത്രുക്കളെപ്പോലെ മാറ്റി നിർത്തുന്ന സമൂഹത്തിലേക്ക് ശക്തമായ ബോധവത്കരണവുമായി കൊടിയത്തൂർ പഞ്ചായത്തും വില്ലേജും ആരോഗ്യ വകുപ്പും കൈകോർത്ത് ഷോർട്ട് ഫിലിം തയാറാക്കുന്നു.
അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം സംവിധാനം ചെയ്തത് കൊടിയത്തൂർ വില്ലേജ് ഓഫീസർ ശിവശങ്കരനാണ്.
ഒരു പ്രവാസി സ്വന്തം വീട്ടിലേക്ക് ക്വാറന്റൈനിന് വരുന്നു എന്ന് അറിയുന്ന അയൽവാസികളും നാട്ടുകാരും അവിടെ ബഹളം വയ്ക്കുകയും പ്രശ്നങ്ങൾ അറിഞ്ഞ ആരോഗ്യവകുപ്പും പഞ്ചായത്തും സ്ഥലത്തെത്തുകയും അത് എങ്ങനെ പരിഹരിക്കുന്നു എന്നതുമാണ് കഥയുടെ ഇതിവൃത്തം.
പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള, മെഡിക്കൽ ഓഫീസർ ഡോക്ടർ മനു ലാൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുജ ടോം, ഒന്നാം വാർഡ് മെമ്പർ സാറ ,പൊതുജന സേവാകേന്ദ്രം ജീവനക്കാരി ധന്യ ഷാനു, വില്ലേജ് ഓഫീസിലെ സ്റ്റാഫുകൾ, പ്രവാസികളുടെ കുട്ടികളായി പ്രദേശവാസികളായ ജസാ,ശിഹാൻ ഖാലിദ് തുടങ്ങിയവരാണ് ക്വാറന്റൈന് @കൊടിയത്തൂർ’ എന്ന പേരിലുള്ള ഈ ഷോർട്ട് ഫിലിമിൽ അഭിനയിച്ചിട്ടുള്ളത് .
നാട്ടിലെ പ്രമുഖ വ്യവസായിയും പ്രവാസിയുമായിരുന്ന റസാഖ് കൊടിയത്തൂരാണ് നിർമാണം. വീഡിയോ ജേർണലിസ്റ്റ് റഫീഖ് തോട്ടുമുക്കവും പ്രവീൺ മുക്കവുമാണ് ഛായാഗ്രഹണം നിർവഹിച്ചത്.
പ്രവാസികളുടെ ക്വാറന്റൈയിന് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത്-വില്ലേജ് -ആരോഗ്യ വകുപ്പ് അധികൃതർ കൈകോർത്തുകൊണ്ട് ഇത്തരത്തിൽ വീഡിയോ പുറത്തിറക്കുന്നത് കേരളത്തിൽ ആദ്യമായിട്ടാണെന്നും ഇത് കേരളത്തിലെ മുഴുവൻ മലയാളികൾക്കും ഉൾക്കൊള്ളാവുന്ന തരത്തിലാണ് ചിത്രീകരിച്ചതെന്നും രണ്ടുദിവസത്തിനകം വീഡിയോ പുറത്തിറക്കുമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.