കാസര്‍ഗോഡ്: വിദേശരാജ്യങ്ങളില്‍ നിന്നും ജില്ലയിലെത്തുന്നവരെ പെയ്ഡ് ക്വാറന്റൈന് സംവിധാനം തന്നെ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നതായി പരാതി.
ആവര്‍ത്തിച്ചുള്ള പരിശോധനകളുടെ പേരില്‍ മണിക്കൂറുകളോളം ജില്ലാ അതിര്‍ത്തിയില്‍ കാത്തുനിര്ത്തുന്നതായും സാമൂഹിക അകലം പാലിക്കാതെ കെഎസ്ആര്‍ടിസി ബസ്സുകളില്‍ കുത്തിനിറച്ച് യാത്ര ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായും ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്ന യുവതി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
ദുബായില്‍ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥയായ കാസര്‍ഗോഡ് സ്വദേശിനി ജിഷ ധീരജാണ് ജില്ലയിലെത്തുന്ന പ്രവാസികള്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതാനുഭവങ്ങള്‍ യു ട്യൂബ് വീഡിയോയിലൂടെ പുറത്തുവിട്ടത്.
ജില്ലാ അതിര്‍ത്തി വരെ കൃത്യമായി എല്ലാ നിയമങ്ങളും പാലിച്ചെത്തിയ യാത്രക്കാരെ കരിവെള്ളൂരില്‍ എത്താറാകുമ്പോള്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി വീണ്ടും പരിശോധനകള്‍ക്കു വിധേയമാക്കുകയും ക്വാറന്റൈന് ഫീസ് അടക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നതെന്ന് വീഡിയോയില്‍ പറയുന്നു.
ജില്ലയില്‍ ഇപ്പോള്‍ ഫ്രീ ക്വാറന്റൈന് ലഭ്യമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വിമാനത്താവളത്തില്‍ വച്ചും അതിനു മുമ്പും എല്ലാ വിവരങ്ങളും നല്‍കിയതാണെങ്കിലും വീണ്ടും വിവരങ്ങള്‍ ചോദിച്ചറിയാനെന്ന പേരില്‍ മണിക്കൂറുകളോളം കാത്തുനിര്‍ത്തുന്നു.
പണമടക്കാന്‍ കഴിവില്ലാത്തവര്‍ക്കായി സര്‍ക്കാര്‍ സൗജന്യ ക്വാറന്റൈന് ഒരുക്കിയിട്ടുണ്ടല്ലോ എന്ന് വാദിക്കുന്നവരോട് യാതൊരു സൗകര്യവുമില്ലാത്ത ഏതെങ്കിലും ഓണംകേറാമൂലയിലെ സ്കൂളിലേക്കായിരിക്കും നിങ്ങളെ അയക്കുക എന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. ഈ ഭീഷണിക്കു വഴങ്ങിയാണ് കുടുംബങ്ങളോടൊപ്പം എത്തുന്നവര്‍ പെയ്ഡ് ക്വാറന്റൈനിന് സമ്മതം മൂളുന്നതെന്ന് യുവതി പറയുന്നു.
പിന്നീട് യാത്രക്കാരെ മറ്റൊരു ബസ്സിലേക്ക് മാറ്റിയിരുത്തിയാണ് കാസര്‍ഗോഡ് ജില്ലയിലേക്ക് എത്തിച്ചത്. ഈ ബസ്സില്‍ യാതൊരു സാമൂഹിക അകലവും പാലിക്കാതെ ആളുകളെ ഒരുമിച്ചു കയറ്റുകയാണ് ചെയ്തത്.
ബസ് അവിടെനിന്നും വിടാന്‍ വീണ്ടും അരമണിക്കൂറിലേറെ താമസിച്ചതിന്റെ പേരിലും യാത്രക്കാരുമായി തര്‍ക്കമുണ്ടായി. അല്പദൂരം പിന്നിട്ടപ്പോള്‍ വീണ്ടും ബസ് നിര്‍ത്തി കൂടുതല്‍ ആളുകളെ കയറ്റി. ഇതോടെ ബസ്സില്‍ ശ്വാസം കഴിക്കാന്‍ പോലും കഴിയാത്ത വിധം തിരക്കായി.
പെയ്ഡ് ക്വാറന്റൈനുവേണ്ടി പണമടച്ചവരെ കളനാട് റസിഡന്‍സി എന്ന ഹോട്ടലിലേക്കാണ് കൊണ്ടുപോവുകയെന്ന് അറിയിച്ചിരുന്നെങ്കിലും ബസ് അവിടെ നിര്‍ത്താതെ എല്ലാവരെയും കാസര്‍ഗോഡ് ടൗണ്‍ ഹാളിനു മുന്നില്‍ കൊണ്ടിറക്കുകയാണ് ചെയ്തത്.
ഇതിന്റെ പേരിലും യാത്രക്കാരും ഡ്രൈവറുമായി തര്‍ക്കമുണ്ടായി. അപ്പോഴേക്കും സമയം അര്‍ധരാത്രിയോടടുത്തിരുന്നു. രാവിലെ ദുബായില്‍ നിന്നിറങ്ങി വെള്ളം പോലും കുടിക്കാതെ നില്ക്കുന്നവര് ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു.
ബഹളം നിയന്ത്രിക്കാനെത്തിയ പോലീസുകാര്‍ അല്പം വെള്ളം കൊണ്ടു തന്നപ്പോഴാണ് അല്പമെങ്കിലും ആശ്വാസമായത്. വൈകിട്ട് കണ്ണൂരില്‍ വിമാനമിറങ്ങിയവരെ ഒടുവില്‍ പുലര്‍ച്ചെ ഒന്നരയ്ക്കാണ് ഹോട്ടലില്‍ എത്തിച്ചത്.
അവിടെയാണെങ്കില്‍ ലിഫ്റ്റ് പോലും വര്‍ക്ക് ചെയ്യാത്ത അവസ്ഥയായിരുന്നു. ക്വാറന്റൈനില്‍ കഴിയുന്നവരുടെ ലഗേജുകള്‍ പോലും മറ്റുള്ളവര്‍ തൊടാന്‍ മടിക്കുന്ന സാഹചര്യത്തില്‍ വിശന്നു തളര്‍ന്ന അവസ്ഥയിലും അവയും ചുമന്ന് പടികള്‍ കയറേണ്ടിവന്നു.
താന്‍ മുറിയിലെത്തി തളര്‍ന്നുകിടക്കുമ്പോഴും താഴെ ഹോട്ടലിന്റെ റിസപ്ഷനില്‍ യാത്രക്കാരുടെ ബഹളം കേള്‍ക്കുന്നുണ്ടായിരുന്നുവെന്നും യുവതി പറയുന്നു.