ടി.ജി.ബൈജുനാഥ്
നിരവധി ഹിറ്റുകൾ മലയാളത്തിനു സമ്മാനിച്ച കോക്കേഴ്സിന്റെ തിരിച്ചുവരവു സിനിമയായ ‘കുറി’യിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പോലീസ് വേഷത്തിൽ സ്ക്രീനിലെത്തുന്നു.
ഫാമിലി ഡ്രാമ ത്രില്ലറായ കുറിയിൽ സുരഭിലക്ഷ്മിയും അദിതിരവിയും വിഷ്ണുവിനൊപ്പം പ്രധാന വേഷങ്ങളിൽ.
ഇതുവരെ നമ്മൾ കണ്ടുശീലിച്ച വിഷ്ണു ആയിരിക്കില്ല ഈ സിനിമയിലെ വിഷ്ണുവെന്ന് കുറിയുടെ എഴുത്തുകാരനും സംവിധായകനുമായ കെ. ആർ. പ്രവീണ് പറയുന്നു.
‘ അയ്യോ പാവം, അപ്പുറത്തെ വീട്ടിലെ ചെക്കൻ, ഹ്യൂമർ ടച്ചുള്ള അഭിനയം… ഇതിനൊക്കെയപ്പുറം അല്പം സീരിയസായ വേഷമാണ് ഇതിൽ ചെയ്തിരിക്കുന്നത്.
പാവത്താൻ ഇമേജിൽ നിന്നു മാറി കുറച്ചുകൂടി മെച്വറായ, ബോൾഡായ ഒരു വിഷ്ണുവിനെ ഇതിൽ കാണാനാവും. കുറിയിലെ വിഷ്ണു കുറച്ച് ഡിഫ്രന്റ് ആയിരിക്കും.’
പലതരം കുറികൾ
ഭാഗ്യക്കുറി, കുറിച്ചിട്ടി, കല്യാണക്കുറി…ഇങ്ങനെ പലതരം കുറികൾ വ്യത്യസ്തരായ കുറച്ചുപേരുടെ ജീവിതത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ സംഭവിക്കുന്പോൾ അത് അവരുടെ ജീവിതത്തെ ഏതൊക്കെ രീതിയിൽ സ്വാധീനിക്കും എന്നതാണ് ഈ സിനിമയുടെ ബേസിക് പ്ലോട്ട്.
ഇതിൽ ഒരാളല്ല, കുറേയധികം ആളുകളുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണന്റെ പോലീസുകാരൻ ഉൾപ്പെടെയുള്ള ചില കഥാപാത്രങ്ങൾ.
അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പലതരം കുറികൾ. പലർക്കും പല രീതിയിലാണു കുറികൾ സംഭവിക്കുന്നത്. ഇവരെല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെടുന്നതു പല തരം കുറികളില ൂടെയാവാം.
പലതരം കുറികൾ ഒരേ ദിവസം സംഭവിക്കുന്പോൾ ഇവർക്കിടയിലുണ്ടാകുന്ന ഇന്റർകണക്ഷനാണു സിനിമ.
ഇതു സംഭവകഥയൊന്നുമല്ല; ഫിക്ഷണലാണ്. ഈ രീതിയിലുള്ള ഒരു കഥ ഇപ്പോൾ അനിവാര്യമാണ് എന്ന മുൻധാരണ ആദ്യം ഉണ്ടാക്കി.
ആ കഥയിലേക്ക് എത്തിപ്പെടാൻ പല സാഹചര്യങ്ങൾ സൃഷ്ടിച്ചു. പല വഴികളിലൂടെ ആ സാഹചര്യങ്ങളിലേക്ക് എത്തിപ്പെടാൻ എഴുത്തിലൂടെ ശ്രമിച്ചു.
ചില സിനിമകളുടെ കഥാസൂചന വെളിപ്പെടുത്താനാവില്ല. കുറിയും അത്തരത്തിലുള്ളതാണ്. മുൻധാരണയില്ലാതെ കാണുന്നതാണ് ത്രില്ലർ എന്ന ജോണറിന് ഏറ്റവും നല്ലത്.
സ്റ്റാർ വാല്യു നോക്കിയല്ല…
ഞാൻ അഭിനേതാക്കളെ കണ്ടെത്തിയത് അവരുടെ മുൻ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയോ അവരുടെ വാല്യു അനുസരിച്ചോ അല്ല.
എന്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ, ആക്ടിംഗ് സ്കിൽ മികച്ചതെന്ന് എനിക്കു ബോധ്യമായിട്ടുള്ള ചിലരെ ഞാൻ ഫിൽട്ടർ ചെയ്തു.
അതിൽ നിന്നു മികച്ചതെന്നു തോന്നിയവരെ ആദ്യം സമീപിച്ചു. അവരെല്ലാവരും തന്നെ ഈ സിനിമയിലേക്കു വരാൻ തയാറായി. വിഷ്ണു ഉണ്ണികൃഷ്ണ നും സുരഭിയും ഉൾപ്പെടെയുള്ളവർ ആ രീതിയിൽ തന്നെയാണ് ഇതിലേക്കു വന്നത്.
ദിലീപ്കുമാർ
അടുത്തകാലത്തു ജോലിയിൽ പ്രവേശിച്ച ഒരു പോലീസുകാരനാണ് വിഷ്ണു ഉണ്ണികൃഷ്്ണന്റെ കഥാപാത്രം ദിലീപ്കുമാർ. ആരംഭശൂരത്വമുള്ള, ജോലിയോട് ആത്മാർഥത കാണിക്കാൻ ശ്രമിക്കുന്ന ഒരു സിവിൽ പോലീസ് ഓഫീസർ.
ആരംഭശൂരത്വം ഇയാളിൽ ഉണ്ടാക്കുന്ന ചില പ്രശ്നങ്ങളും കഥയുടെ ഭാഗമാണ്.
കുറിയിലേക്കു വരുന്നതിനു മുന്പ് വിഷ്ണു അഭിനയിച്ചത് അനുരാധ ക്രൈം നന്പർ 59/2019 എന്ന പടത്തിലാണ്. അതിൽ വിഷ്ണു ഒരു പോലീസ് ട്രെയിനിയായിട്ടാണ് വേഷമിട്ടത്.
അവിടെ നിന്ന് ഇതിലെത്തിയപ്പോൾ ഒരു പോലീസ് ഓഫീസറായി ജോയ്ൻ ചെയ്യുന്ന അനുഭവമായിരുന്നുവെന്ന് വിഷ്ണു തന്നെ പറഞ്ഞിട്ടുണ്ട്. അദിതി രവിയാണു വിഷ്ണുവിന്റെ പെയറായി സ്ക്രീനിലെത്തുന്നത്.
ഡയറക്ടർ ഫ്രണ്ട്്ലി
ഡയറക്ടർ ഫ്രണ്ട്്ലിയായ നടനാണു വിഷ്ണു. വിഷ്ണു എഴുത്തുകാരനാണ്, സംവിധായകനാണ് എന്നതിലുപരി എന്റെ ലൊക്കേഷനിൽ എന്റെ കഥയിൽ എന്റെ കഥാപാത്രമായി വന്നു നിന്നപ്പോൾ അയാൾ എന്നെ വിശ്വസിച്ചു മാത്രം വന്നതായിട്ടാണ് എനിക്കു തോന്നിയത്.
ഇതിൽ ഒരഭിനേതാവ് എന്നതിനപ്പുറം ഒരു വ്യക്തി എന്ന നിലയിൽ കോർപറേറ്റ്േ ചെയ്യേണ്ടതായ ഒരുപാടു സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.
ഷൂട്ടിംഗ് ലൊക്കേഷനിലെ ബുദ്ധിമുട്ടുകൾ, അഭിനയ മുഹൂർത്തങ്ങളിലെ സ്ട്രെയിൻ…അത്തരം സന്ദർഭങ്ങളിലെല്ലാം വളരെ പ്രഫഷണലായി, ഫ്രണ്ട്്ലിയായി, സ്വാഭാവികമായി ചെയ്യാൻ വിഷ്ണു ശ്രമിച്ചു.
ബെറ്റ്സി ചാക്കോ
വിഷ്ണു മാത്രമല്ല ഇതിൽ അഭിനയിച്ച സുരഭിലക്ഷ്മി, വിഷ്ണു ഗോവിന്ദൻ… എന്നിവരൊക്കെ ഏറെയും ഹ്യൂമർ ടച്ചുള്ള വേഷങ്ങളാണ് മുന്പ് ചെയ്തിട്ടുള്ളത്.
അതിൽനിന്നൊക്കെ വളരെ വ്യത്യസ്തമായി ഏറെ ബോൾഡായ, സീരിയസായ കഥാപാത്രങ്ങളെയാണ് ഇവർ കുറിയിൽ ചെയ്തിരിക്കുന്നത്.
ബെറ്റ്സി ചാക്കോ…അതാണു സുരഭിയുടെ കഥാപാത്രം. നാട്ടിൻപുറത്തെ സാധാരണ വീട്ടമ്മ. ഇങ്ങനെ ഒരാളെ എനിക്കറിയാമല്ലോ എന്നു തോന്നിക്കുന്ന കഥാപാത്രം.
സുരഭിയെപ്പോലെ ഒരു അഭിനേത്രിയാണ് ആ വേഷം ചെയ്യേണ്ടതെന്ന ബോധ്യം എനിക്കുണ്ട്. എന്തുകൊണ്ട് സുരഭി എന്നുള്ളതു സിനിമ കാണുന്പോൾ ബോധ്യമാകും.
സാഗർ സൂര്യ, വിനോദ് തോമസ്, ആവർത്തന, പ്രമോദ് വെളിയനാട്, ചാലി പാല, വിനോദ് കെടാമംഗലം, പ്രദീപ് കോട്ടയം തുടങ്ങിയവരും കുറിയുടെ ഭാഗമാണ്.
വണ്ടിപ്പെരിയാർ ദിനങ്ങൾ
2021 ഒക്ടോബർ-നവംബറിൽ വണ്ടിപ്പെരിയാറിലായിരുന്നു ചിത്രീകരണം. മുല്ലപ്പെരിയാർ ഡാമിനോടു വളരെ ചേർന്നുകിടക്കുന്ന സ്ഥലം.
ഇപ്പോൾ ഡാം തുറക്കുമെന്നു പറഞ്ഞ് അവിടെ വലിയ ആശങ്കകൾ കടുത്ത സമയത്തായിരുന്നു ഷൂട്ടിംഗ്. ഇപ്പോൾ പ്രശ്നങ്ങളുണ്ടാവും എന്ന തരത്തിൽ എപ്പോഴും ഒരു ഭീതി നിലനിന്നിരുന്നു.
രണ്ടു ദിവസം തുടർച്ചയായി മഴപെയ്ത് ലൊക്കേഷനിലേക്ക് എത്താനാവാതെ താമസസ്ഥലത്തു ലോക്കായ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.
രണ്ടു ചെറിയ നദികളും അതിന്റെ പാലങ്ങളും കടന്നാണ് താമസിക്കുന്ന സ്ഥലത്തേക്കു പോയിരുന്നത്. ഇപ്പോൾ വെള്ളം പൊങ്ങും എന്ന അറിയിപ്പു കേട്ട് രണ്ടു മണിക്കു തന്നെ ഷൂട്ടിംഗ് നിർത്തി മടങ്ങിയിട്ടുണ്ട്. അത്തരം പ്രതിസന്ധികളെ നേരിട്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
കോക്കേഴ്സ്
സിയാദ് കോക്കറിനൊപ്പം പുതു തലമുറ കൂടി ഉൾപ്പെട്ട കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ്സാണു നിർമാണം. 37 വർഷത്തെ ചരിത്രമുള്ള കോക്കേഴ്സ് നിർമിക്കുന്ന 21 ാമതു സിനിമയാ ണു കുറി.
മലയാളി പ്രേക്ഷക മനസുകളിൽ അത്രമേൽ വേരിറങ്ങിയ കോക്കേഴ്സ് എന്ന ബ്രാൻഡിനു കീഴിൽ തുടക്കക്കാരനായ എനിക്കു സിനിമ ചെയ്യാനായതു വലിയ അംഗീകാരമായി കാണുന്നു.
കാമറ സന്തോഷ് സി.പിള്ള. എഡിറ്റിംഗ് റഷിൻ അഹമ്മദ്. മ്യൂസിക് വിനു തോമസ്. കലാസംവിധാനം രാജീവ് കോവിലകം. നോബിൾ ജേക്കബാണ് പ്രൊഡക്്ഷൻ കണ്ട്രോളർ.
ഇങ്ങനെയൊരു സന്ദർഭം എപ്പോഴെങ്കിലും എന്റെ ജീവിതത്തിൽ ഉണ്ടായിക്കൂടെന്നില്ലല്ലോ എന്നു തോന്നുന്ന ചില മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ട്.
നമ്മുടെ കുട്ടികൾ കണ്ടുവളരേണ്ട സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം ഈ സിനിമ പറയുന്നു.- കെ. ആർ. പ്രവീണ് വെളിപ്പെടുത്തുന്നു.