പത്തനംതിട്ട: പ്രവാസികളായെത്തിയ ഗർഭിണികളുടെ ക്വാറന്റൈൻ കാലയളവിലെ പ്രസവ പരിചരണം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ. രണ്ടുദിവസത്തിനുള്ളിൽ രണ്ടു സിസേറിയൻ ആശുപത്രിയിൽ നടന്നു കഴിഞ്ഞു.
നിലവിൽ കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്ന ജനറൽ ആശുപത്രി പ്രസവചികിത്സ, പീഡിയാട്രിക് വിഭാഗങ്ങൾക്കും ജോലിഭാരമായി.
പൂർണഗർഭിണികളായെത്തുന്നവരുടെ പ്രസവം അടക്കമുള്ള ചികിത്സകൾ കോവിഡ് ആശുപത്രികളിൽ മാത്രമേ തുടരാനാകൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പുറമേനിന്ന് ഈ ദിവസങ്ങളിൽ എത്തിയിട്ടുള്ളവരിൽ 20 – 30 ശതമാനവും ഗർഭിണികളാണ്. ഇതിൽ പൂർണഗർഭിണികളുടെ പരിചരണമാണ് പ്രധാന പ്രശ്നം. ക്വാറന്ൈറൻ കാലാവധിയിൽ സ്വകാര്യ ആശുപത്രികളിലോ മറ്റോ ചികിത്സ അനുവദിക്കില്ല.
സർക്കാർ ആശുപത്രികളിൽ നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മാത്രമേ ഗർഭിണികളെ പ്രവേശിപ്പിക്കുന്നുള്ളൂ. ഡോ.എ.എസ്. ബിജിയുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ നിയോഗിച്ചിരിക്കുകയാണ്. തുടർച്ചയായ ഡ്യൂട്ടി ഇവർക്കുണ്ടാകും. പിന്നീട് ക്വാറന്റൈനീൽ പോകേണ്ടിവരും.
കോവിഡ് ആശുപത്രികളിലേക്ക് ഗർഭിണികളെത്തുന്പോൾ തന്നെ ആവശ്യമായ മുൻകരുതലുകളോടെയാണ് പരിചരണം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയായ യുവതിക്ക് വ്യാഴാഴ്ച സിസേറിയൻ തന്നെ വേണ്ടിവന്നു.
26 കാരിയായ ഇവർക്ക് കോവിഡ് കൂടി സ്ഥിരീകരിച്ചിരുന്നതിനാൽ സിസേറിയൻ നടത്താൻ തീരുമാനിക്കുകയായിരുന്നു. അമ്മയെയും കുഞ്ഞിനെയും പ്രത്യേക പരിചരണത്തിലാക്കിയിരിക്കുകയാണ്.
വെള്ളിയാഴ്ച സിസേറിയൻ നടത്തി ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. യുവതിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. നിലവിൽ രോഗലക്ഷണങ്ങളില്ല.
കോവിഡ് 19 രോഗം വരാതിരിക്കാൻ ഗർഭിണികൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെചുമതല വഹിക്കുന്ന ഡോ. സി.എസ്. നന്ദിനി പറഞ്ഞു. രോഗപകർച്ച തടയുന്നതിനും രോഗബാധിതർക്ക് കൂടുതൽ സങ്കീർണത വരാതിരിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്.വീടുകളിൽ ക്വാറന്റൈനാണെങ്കിൽ സർക്കാർ നിർദേശിച്ച കാലാവധി കുടുംബാംഗങ്ങളുമായി ഇടപഴകാതെ ഒരുമുറിയിൽ തന്നെ ഗർഭിണികളും കഴിയണം.
റൂമിൽ നിന്ന് പുറത്തിറങ്ങരുത്. വായു സഞ്ചാരമുള്ളതും ശുചിമുറികൾ ഉള്ളതുമായ മുറി ആണ് അഭികാമ്യം. വയോധികർ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവരുമായി സന്പർക്കം പാടില്ല. മാസ്ക് ഉപയോഗിക്കുകയും ആറ് മണിക്കൂർ കഴിഞ്ഞ് അതു നശിപ്പിക്കുകയും വേണം.
കോവിഡ് രോഗം സ്ഥിരീകരിച്ചാൽ ജില്ലയിലെ കോവിഡ് ആശുപത്രിയിൽ ആയിരിക്കും തുടർന്നുള്ള ചികിത്സകൾ. രോഗം ഭേദമാകുന്നതിനു മുന്പ് പ്രസവം വേണ്ടി വന്നാൽ അതിനുള്ള അനുബന്ധസൗകര്യങ്ങളെല്ലാം കോവിഡ് ആശുപത്രിയിൽ ഉണ്ടാകും. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പ്രത്യേകം സജ്ജീകരിച്ച പ്രസവമുറികളിൽ എല്ലാ കരുതലോടും കൂടിയുള്ള പരിചരണം ലഭ്യമാകുമെന്നും ഡിഎംഒ പറഞ്ഞു.