ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയായ അമ്മയ്ക്കു കൂട്ടിരിക്കാൻ വന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട ആറന്മുള സ്വദേശി പ്രവീണി(24)നെയാണ് അറസ്റ്റ് ചെയ്തത്.
ഒരു മാസം മുന്‍പു കോട്ടയം മെഡിക്കൽ കോളജിൽവച്ചാണ് സംഭവം നടന്നത്. പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ അമ്മ രോഗം ബാധിച്ചു മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
അമ്മയെ സഹായിക്കാൻ എത്തിയതായിരുന്നു പെണ്‍കുട്ടി. ഇതേസമയം പ്രതിയായ പ്രവീണിന്റെ അമ്മയും രോഗബാധിതയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇതിനിടയിൽ പ്രവീണും പെണ്‍കുട്ടിയും തമ്മിൽ പരിചയപ്പെടുകയും പ്രവീണ്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.
തുടർന്നു പീഡന വിവരം പെണ്‍കുട്ടി ബന്ധുക്കളോടു പറയുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.
തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രതി ആന്ധ്രയിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പയ്ക്കു രഹസ്യവിവരം ലഭിച്ചു.
ഇതേത്തുടർന്ന് ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നിർദ്ദേശാനുസരണം ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആന്ധ്രയിൽനിന്നു പ്രതി പ്രവീണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എസ്ഐ വിദ്യ, അഡീഷ്ണൽ എസ്ഐ പി.പി. മനോജ്, സീനിയർ സിപിഒ മനോജ്, സിപിഒമാരായ പ്രവീണോ, രാഗേഷ്, അനീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.