ചാരുംമൂട്: കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ തത്സമയ വിവരണം ദൃശ്യമാധ്യങ്ങളിലൂടെ നൽകി തിരക്കഥാകൃത്ത് പ്രവീണ്‍ ഇറവങ്കര സെഞ്ച്വറിയിലേക്ക്. ഇന്നത്തെ മകരവിളക്കിന്റെ തത്സമയ വിവരണം സ്വകാര്യ ചാനലിന് നൽകുന്നതോടെയാണ് നൂറാമത് ഉത്സവ തത്സമയ വിവരണത്തിലേക്ക് പ്രവീണ്‍ ഇറവങ്കര പ്രവേശിക്കുന്നത്.
ശബരിമല മകരവിളക്ക്, തൃശൂർ പൂരം, ആറ്റുകാൽ പൊങ്കാല, ഉതൃട്ടാതി-നെഹ്രുട്രോഫി വള്ളംകളികൾ ഉൾപടെ കേരളത്തിലെ പ്രമുഖ സാംസ്കാരികോത്സവങ്ങളുടെ തത്സമയവിവരണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇദ്ദേഹം വിവധ ദൃശ്യ മാധ്യമങ്ങളിലൂടെ നൽകുകയാണ്.
ഇരുപതിലധികം മെഗാ സീരിയൽ പരന്പരകളുടെ രചയിതാവായ ഇദ്ദേഹത്തിന് 2012 ൽ മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും 2016ൽ മികച്ച കമന്േററ്റർക്കുള്ള സർക്കാർ പുരസ്കാരവും 2013മുതൽ 2015 കാലയളവിലെ അടൂർ ഭാസി അവാർഡും ലഭിച്ചിരുന്നു. ഇപ്പോൾ 2020ലെ പ്രേംനസീർ അവാർഡും ഉൾപ്പെടെ 30 ൽ അധികം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ ത്രീഡി നോവലായ ഗംഗ ഉൾപടെ അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേന്ദ്ര മാനവ വികസന മന്ത്രാലയം പാനൽ ഡയറക്ടർ, സംസ്ഥാന ജൂറി അംഗം, എവൈ ടിവി പ്രോഗ്രാം ഹെഡ്, ആത്മ സെക്രട്ടറി, സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി, എ.ആർ. സ്മാരക ഭരണ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരികയാണ്.