തിരുവനന്തപുരം: നേപ്പാളിൽ മരണമടഞ്ഞ ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍കുമാർ നായർ (39) ന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതും കാത്ത് ബന്ധുക്കളും നാട്ടുകാരും.
ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ രോഹിണി ഭവനിൽ പ്രവീണ്‍കുമാർ നായർ (39) ഭാര്യ ശരണ്യ (34) , മക്കളായ ശ്രീ ഭദ്ര(9), ആർച്ച (7), അഭിനവ് എസ് നായർ (4) എന്നിവരുടെ മൃതദേഹങ്ങൾ എത്തുന്നതും കാത്താണ് ചേങ്കോട്ടുകോണം, അയ്യൻകോയിക്കൽ പ്രദേശവാസികളും പ്രവീണിന്റെ കുടുംബാംഗങ്ങളും കണ്ണീരോടെ കാത്തിരിക്കുന്നത്.
നേപ്പാളിലെ ആശുപത്രിയിൽ പ്രവീണിന്റെയും കുടുംബത്തിന്റെയും പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. നാളെ ഉച്ചയ്ക്ക് ശേഷം മൃതദേഹങ്ങൾ വിമാനമാർഗം അയ്യൻകോയിക്കലിലെ വീട്ടിലെത്തിക്കും.
അയ്യൻകോയിക്കൽ പ്രദേശത്തെ നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു പ്രവീണ്‍. പ്രദേശത്തെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെട്ടിരുന്ന പ്രവീണിന് വലിയൊരു സുഹൃത് വലയം തന്നെ ഉണ്ടായിരുന്നു.
വിദേശത്ത് നിന്നും നാട്ടിലെ പ്രധാനപ്പെട്ട ചടങ്ങുകൾക്ക് പ്രവീണ്‍ പറന്നെത്തുമായിരുന്നുവെന്നാണ് പ്രദേശവാസികളായ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കണ്ണീരോടെ പറയുന്നത്.
ഇക്കഴിഞ്ഞ ഓണത്തിന് നാട്ടിൽ അവധിക്ക് വന്ന ശേഷം അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന് പങ്കെടുക്കാനാണ് അവധിയെടുത്ത് അദ്ദേഹം നാട്ടിൽ എത്തിയത്.
എൻജിനീയറിംഗ് പഠനകാലത്തെ സുഹൃത്തുക്കളോടൊപ്പം നേപ്പാളിൽ വിനോദയാത്രക്ക് പോയ പ്രവീണിന്റെയും കുടുംബത്തിന്റെയും മരണവാർത്ത താങ്ങാനും വിശ്വസിക്കാനും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാരും ബന്ധുക്കളും.
നാളെ ഉച്ചയ്ക്ക് ശേഷം പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച ശേഷം മതാചാര പ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കാരം നടത്തും.