തൃശ്ശൂർ: ”ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. പുറത്തിറങ്ങട്ടെ. വ്യവസായം വിപുലമാക്കും. എല്ലാവരുടെയും നിക്ഷേപം തിരികെ നൽകും. എന്റെ സ്വപ്നം ഞാൻ യാഥാർഥ്യമാക്കും .
അധികാരം കിട്ടിയാൽ ഒരു വർഷത്തിനിടെ രൂപയുടെ മൂല്യം ഡോളറിനെക്കാൾ മുകളിലെത്തിക്കും”- 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ജയിലിലായ പ്രവീൺ റാണ ജയിലിലും ‘തള്ളൽ’ തുടരുകയാണ്.
ജില്ലാ ജയിലിൽ അഡ്മിഷൻ ബ്ലോക്കിലാണ് റാണയുള്ളത്. കാണുന്നവരോടൊക്കെ റാണയ്ക്ക് പറയാനുള്ളതിതാണ്. ”മറ്റുള്ളവരെല്ലാം തട്ടിപ്പുകാരാണ്.
ഞാൻ അങ്ങനെയല്ല. ഭാരതത്തിന്റെ ഭാവി ഞാൻ മാറ്റും. മഹാന്മാരെല്ലാം കുറേ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അതേ പോലൊരു ത്യാഗമായാണ് ഈ ജയിൽ ജീവിതവും.
ചിലപ്പോൾ ആത്മീയതയും തത്ത്വങ്ങളും വിളമ്പാറുമുണ്ട്. അഡ്മിഷൻ ബ്ലോക്കായതിനാൽ കേൾവിക്കാർ കുറവാണ്.
കോടികൾ തട്ടിയെങ്കിലും ഒരു പൈസ പോലുമില്ലാതെയാണ് റാണ ജയിലിലെത്തിയത്. ഫോൺ ചെയ്യാൻപോലും പണമില്ലായിരുന്നു.
ആദ്യ ദിനം റാണയെക്കാണാൻ ആരുമെത്തിയില്ല. അതിനാൽ ജയിലിൽ ഇടാനുള്ള വസ്ത്രമോ പല്ലുതേക്കാനുള്ള ബ്രഷോ ഒന്നുമില്ലായിരുന്നു.
ജീൻസും ടീ ഷർട്ടും ധരിച്ചിരുന്ന റാണ ജയിലിൽ ആദ്യദിനം ബെർമുഡയിട്ടു കഴിഞ്ഞു. പിറ്റേന്ന് ബന്ധുക്കളെത്തി. പണവും അത്യാവശ്യസാധനങ്ങളും നൽകി.
‘ചോരൻ’ എന്ന സിനിമ നിർമിക്കുകയും നായകനാകുകയും ചെയ്ത ശേഷമാണ് തട്ടിപ്പിൽ പിടിക്കപ്പെട്ടതെന്നതിനാൽ ജയിലിൽ ‘ചോരൻ’ എന്ന ഇരട്ടപ്പേരാണ് സഹവാസികൾ നൽകിയിട്ടുള്ളത്.
പ്രവീൺ റാണയുടെ ബിനാമിഇടപാടുകളിൽ കൂടുതൽ അന്വേഷണം
തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയുടെ ബിനാമി ഇടപാടുകളെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷിക്കുന്നു.
പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധന നടത്തിയതിൽ സംസ്ഥാനത്തിന് അകത്തും പുറത്തും ഭൂമികളുള്ളതായും വിവിധയിടങ്ങളിൽ നിക്ഷേപങ്ങളുള്ളതിന്റെയും രേഖകൾ ലഭിച്ചിരുന്നു.
ചൊവ്വാഴ്ച പ്രവീൺ റാണയുടെ വിശ്വസ്തരിലൊരാൾകൂടിയായ ജീവനക്കാരനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. നിർണായക വിവരങ്ങൾ ഇയാളിൽനിന്ന് ലഭിച്ചതായാണ് സൂചന. ഇതനുസരിച്ചാണ് ബിനാമി ഇടപാടുകളിൽ കൂടുതൽ അന്വേഷണത്തിനുള്ള തീരുമാനം.
ബിസിനസ് പങ്കാളിയായ കണ്ണൂർ സ്വദേശി ഷൗക്കത്തിന് 16 കോടി നൽകി പബ്ബിലേക്ക് നിക്ഷേപം നടത്തിയെന്ന സൂചന ലഭിച്ചിരുന്നു.
സമാനമായ മറ്റ് നിക്ഷേപങ്ങളെയും ഇടപാടുകളെയും കുറിച്ച് കൂടുതൽ അറിയാനാണ് ശ്രമം. 100 കോടിയിലധികം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
വൻ തുകകളുടെ നിക്ഷേപ രേഖകളും ലഭിച്ചിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത നിധി കമ്പനിയുടെ മറവിലൂടെ കോടികളുടെ വിനിമയങ്ങൾ നടത്തിയത് കള്ളപ്പണ ഇടപാടാണെന്ന സംശയവും അന്വേഷണത്തിലുണ്ട്.
വ്യാഴാഴ്ച പ്രവീൺ റാണയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുണ്ട്. എന്നാൽ, അന്നുതന്നെ പൊലീസിന്റെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷയും മറ്റ് സ്റ്റേഷനുകളിലെടുത്ത കേസുകളുടെ ഭാഗമായുള്ള പ്രൊഡക്ഷൻ വാറന്റ് അപേക്ഷയും പരിഗണിക്കും. കസ്റ്റഡിയിൽ കിട്ടുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.