സ്വന്തം ലേഖകൻ
തൃശൂർ: കോടികളുടെ സാന്പത്തിക തട്ടിപ്പു കേസിൽ റിമാൻഡിൽ കഴിയുന്ന പ്രവീണ്‍ റാണയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. കഴിഞ്ഞ ദിവസം കോടതി റാണയെ 27 വരെ റിമാൻഡു ചെയ്തിരുന്നു.
അതിനിടെ റാണയുടെ സ്വത്തുവകകൾ സംബന്ധിച്ച് പോലീസ് അന്വേഷണം ഉൗർജിതമായി തുടരുകയാണ്. റാണ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം മുഴുവൻ ബിനാമികളുടെയും അടുത്ത ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് നേരത്തെതന്നെ സംശയമുണ്ടായിരുന്നുവെങ്കിലും അത് കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല.
തട്ടിപ്പിന്റെ കഥകൾ പുറത്തുവരാൻ തുടങ്ങിയപ്പോൾതന്നെ ബിനാമികളും തങ്ങളുടെ അക്കൗണ്ടുകളിലെ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും ഇപ്പോൾ സംശയമുയർന്നിട്ടുണ്ട്.
അതുകൊണ്ടുതന്നെ ബിനാമികളുടെയും റാണയുടെ അടുത്ത ബന്ധുക്കളുടെയും അക്കൗണ്ടുകൾക്കു പുറമെ അവരുടെ സുഹൃത്തുക്കൾ, അടുത്ത ബന്ധുക്കൾ എന്നിവരുടെ അക്കൗണ്ടുകൾ കൂടി പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
പണം കണ്ടെത്തൽ പോലീസിന് ഒട്ടും എളുപ്പമല്ലെന്നിരിക്കെ തട്ടിപ്പു നടത്തിയ കിട്ടിയ പണം അക്കൗണ്ടുകൾ മാറി മറഞ്ഞു പോകുന്നതും കൂടുതൽ സങ്കീർണമാകുമെന്നതിൽ സംശയമില്ല.
തട്ടിപ്പു നടന്ന കാലയളവിൽ ബിനാമികളായ റാണയുടെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ആർജിച്ച സ്വത്തുവകകൾ, ഷെയറുകൾ, പണം എന്നിവ ജപ്തി ചെയ്യാൻ നിയമപരമായി സാധുതകളുണ്ട്.
റാണയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടുകിട്ടാനും പോലീസ് ശ്രമിക്കുന്നുണ്ട്.