കൊച്ചി : സേഫ് & സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി, പ്രവീണ്‍ റാണക്കെതിരെ കൂടുതൽ കേസുകൾ. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ 7 കേസുകളാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തത്.
ഇതോടെ ഈസ്റ്റിൽ മാത്രം 15 കേസുകളുണ്ട്. ഈസ്റ്റ്, വെസ്റ്റ്, കുന്നംകുളം സ്‌റ്റേഷനുകളിലായി റാണയ്ക്കെതിര ഇതുവരെ 22 കേസുകളാണുള്ളത്. ഒരു ലക്ഷം മുതൽ 17 ലക്ഷം വരെ തട്ടിയെന്നാണ് പരാതികളിലുള്ളത്.
പ്രവീണ്‍ റാണയെന്ന പ്രവീണ്‍ കെപി, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍.
‘സേഫ് ആന്‍റ് സ്ട്രോങ്ങ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്.
ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ നാൽപ്പത്തിയെട്ടു ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു നിക്ഷേപകര്‍ വീണത്.
അതിശയിക്കുന്ന വേഗത്തില്‍ വളര്‍ന്ന തട്ടിപ്പുകാരനാണ് പ്രവീൺ. തൃശൂരിലെ സ്വകാര്യ എഞ്ചിനിയറിങ് കോളെജില്‍ നിന്ന് ബിടെക് ബിരുദം നേടിയ ശേഷം പത്തുകൊല്ലം മുമ്പാണ് നിക്ഷേപം സ്വീകരിക്കുന്ന ബിസിനസ് തുടങ്ങുന്നത്.
മെല്ലെ മെല്ലെയത് സേഫ് ആന്‍റ് സ്ട്രോങ്ങ് നിധിയെന്ന സാമ്പത്തിക സ്ഥാപനമായി രൂപം മാറി. തൃശൂര്‍, പാലക്കാട് ജില്ലകളിലായി ഇരുപതിലധികം ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്‍.
നൂറിലേറെ ജീവനക്കാരാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. ഹോട്ടല്‍ ആന്‍റ് ടൂറിസം മേഖലയില്‍ നിക്ഷേപിക്കാനെന്ന് പറഞ്ഞാണ് നിക്ഷേപം സ്വീകരിച്ചത്. നിധിയിലെ നിക്ഷേപത്തിന് പലിശ പന്ത്രണ്ട് ശതമാനമായിരുന്നു.