തലശേരി: ആര്‍എസ്എസ് പൊന്ന്യം മണ്ഡൽ കാര്യവാഹക് പൊന്ന്യം മലാലിലെ കുറുവാക്കണ്ടി പ്രവീണിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കതിരൂര്‍ പോലീസ് കേസെടുത്തു. പ്രതികള്‍ക്കായി ഇന്ന് പുലര്‍ച്ചെവരെ ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം, കൂത്തുപറമ്പ് സിഐ ജോഷി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയെങ്കിലും ആരേയും പിടികൂടാന്‍ സാധിച്ചില്ല.
വെട്ടേറ്റ് ഗുരുതരമായി പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള പ്രവീണിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പ്രവീണിന്റെ ഇടതുകൈപ്പത്തി അറ്റ നിലയിലും ദേഹമാസകലം വെട്ടേറ്റ നിലയിലുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. പ്രവീണിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി വരികയാണ്.സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.
സംഘര്‍ഷ പ്രദേശത്ത് ഒമ്പത് പിക്കറ്റ് പോസ്റ്റുകളും 12 മൊബൈല്‍ പട്രോളിംഗുകളും ഏർപ്പെടുത്തിയിട്ടുണ്ട്.അക്രമത്തില്‍ പ്രതിഷേധിച്ച് പൊന്ന്യത്ത് ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടക്കും.പരിപാടിയില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പങ്കെടുക്കും.
ഇന്നലെ രാത്രി ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങവെ കതിരൂര്‍ പുല്ല്യോട്ട് വെച്ചാണ് പ്രവീണ്‍ അക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ സംഘം പ്രവീണിനെ തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വെട്ടേറ്റ് ചോരയില്‍ മുങ്ങി പത്ത് മിനിറ്റോളം റോഡില്‍ കിടന്ന പ്രവീണിനെ വഴിയാത്രക്കാരാണ് ഓട്ടോറിക്ഷയില്‍ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചത്.
പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം കോഴിക്കോട്ടേക്ക് കൊണ്ടു പോകുകയായിരുന്നു.ഏതാനും മാസം മുമ്പ് ഈ പ്രദേശത്ത് വെച്ച് വെച്ച് സിപിഎം പ്രവര്ത്തകന് വെട്ടേറ്റിരുന്നു. ഇതിന്റെ തിരിച്ചടിയാണ് ഇന്നലത്തെ സംഭവമെന്ന നിഗമനത്തിലാണ് പോലീസ്.