കൊല്ലം: കഴിഞ്ഞ മൂന്ന് വർഷമായി കെനിയയിലെ ജയിലിൽ തടവിൽ കഴിയുന്ന മലയാളി യുവാവിന്റെ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷ. കേസിൽ കോടതി അന്തിമവാദം കേൾക്കുന്നത് 26, 27 തീയതികളിലാണ്. കേന്ദ്ര സർക്കാരിന്റെ സമ്മർദം കൂടി ഉണ്ടായാൽ പ്രവീണിന് വീട്ടിലെത്താനാകും. ഇറാനിയൻ ചരക്കുകപ്പലായ ‘എംവി അമിൻദാരിയ’യിലെ നാവികനായിരുന്ന പി പ്രവീണിനൊപ്പം മറ്റൊരു ഇന്ത്യൻ നാവികനും കപ്പലിന്റെ ക്യാപ്ടൻ ഉൾപ്പെടെ ആറ് പാകിസ്‌ഥാനികളും മറ്റൊരു ഇറാനിയൻ ജീവനക്കാരനുമാണ് ജയിലിൽ കഴിയുന്നത്.
ലഹരിമരുന്ന് കടത്തിയെന്ന സംശയത്തെ തുടർന്ന് കെനിയൻ സുരക്ഷാ സൈന്യം ഒൻപത് പേരെയും പിടികൂടി ജയിലിലടച്ചത് 2014 ജൂലൈയിലാണ്. അതിനുശേഷം പ്രവീണിന്റെ മോചനം സാധ്യമാക്കാനായി പിതാവ് പ്രഭാകരൻനായർ മുട്ടാത്ത വാതിലുകളില്ല.
പല കാരണങ്ങളാൽ കോടതികളിലെ വിചാരണ നീണ്ടുപോകുകയാണ്. ഈ വർഷം ഏപ്രിലിൽ വാദം വെച്ചിരുന്നുവെങ്കിലും സാക്ഷിയെ വിസ്തരിക്കണമെന്ന അഭിഭാഷകന്റെ ആവശ്യത്തെ തുടർന്ന് വാദം നീണ്ടുപോയി. 26ന് നടക്കുന്ന അന്തിമവാദത്തിന് ശേഷം കെനിയൻ കോടതി വിധി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
കേസിൽ ഒരു സാക്ഷിയാണുള്ളത്. കഴിഞ്ഞ വാദത്തിന് പബ്ലിക് പ്രോസിക്യൂട്ടർ എത്തിയതുമില്ല. ഇന്ത്യൻ എംബസിയും നോർക്ക ഉദ്യോഗസ്‌ഥരും പ്രവീണിന്റെ മോചനം സാധ്യമാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് അയച്ചുകൊടുത്തിരുന്നു.
പ്രവീണിന് പുറമെ ഇന്ത്യാക്കാരനായി തടങ്കലിലുള്ളത് മറ്റൊരു നാവികനായ ഹരിയാന സ്വദേശി വികാസ് ബെൽവാനാണ്. മൊമ്പാസയിലെ ഷിമ ല തെവ ജയിലിലാണ് ഇവർ തടങ്കലിൽ കഴിയുന്നത്. കേസിന്റെ ഗുരുതരസ്വഭാവവും നിയമപരമായ കുരുക്കുകളും മൂലം വളരെ സാവധാനമാണ് വിചാരണ നടപടികൾ പുരോഗമിക്കുന്നത്. കെനിയയിലെ ഇന്ത്യൻ ഹൈകമ്മിഷൻ ഇന്ത്യാക്കാരുടെ മോചനത്തിനായി പരിശ്രമിക്കുന്നുണ്ട്. കെനിയയിലെ മലയാളി അസോസിയേഷൻ ചെയർമാനായ വിനേഷും നാവികരുടെ സംഘടനയായ സെയിലേഴ്സ് സൊസൈറ്റിയും ഇവരുടെ മോചനത്തിനായി ശ്രമം നടത്തുന്നുണ്ട്.