തിരുവനന്തപുരം: തന്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ.കാട്ടാക്കട വീരണകാവ് അരുവിക്കുഴി മുരിക്കറ വീട്ടിൽ എസ്.
ഗായത്രി (24)നെയാണ് ഇന്നലെ രാവിലെ അരിസ്റ്റോ ജംഗ്ഷനിലെ ചോള സാമ്രാട്ട് ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഗായത്രിയുടെ കാമുകനും ജ്വല്ലറി ജീവനക്കാരനുമായ കൊല്ലം പരവൂർ കോട്ടപ്പുറം ചെന്പൻതൊടിയിൽ ജെ. പ്രവീണിനെ (31) പോലീസ് അറസ്റ്റ് ചെയ്തു.
പ്രണയത്തെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ താൻ യുവതിയുടെ കൊലപ്പെടുത്തുകയായിരുന്നെന്ന് അറസ്റ്റിലായ പ്രവീണ്‍ മൊഴി നൽകിയതായി പോലീസ് അറിയിച്ചു.
വിവാഹിതനായ പ്രവീണും ഗായത്രിയും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇത് പ്രവീണിന്റെ ഭാര്യ അറിഞ്ഞതോടെ ഇരുവരും തമ്മിൽ ഭിന്നത ഉണ്ടാവുകയായിരുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ പ്രവീണ്‍ ഹോട്ടലിൽ മുറിയെടുത്തത്. ഉച്ചയോടെ ഗായത്രിയും ഹോട്ടലിലെത്തി. വൈകുന്നേരത്തോടെ പ്രവീണ്‍ മുറി പൂട്ടി ഹോട്ടൽ ജീവനക്കാർ അറിയാതെ പുറത്തു പോവുകയായിരുന്നു.
തുടർന്ന് രാത്രിയോടെ ഹോട്ടലിലെ റിസപ്ഷനിലെ ഫോണ്‍ നന്പരിൽ ഒരാൾ വിളിച്ച് പ്രവീണ്‍ താമിച്ചിരുന്ന മുറിയിൽ ഗായത്രി മരിച്ചു കിടക്കുന്നതായി അറിയിച്ചു.
തുടർന്ന് ഹോട്ടൽ ജീവനക്കാർ പരിശോധിച്ചപ്പോൾ മുറി പുറത്തു നിന്ന് പൂട്ടിയിരിക്കുന്നതായാണ് കണ്ടത്.ഇതേ തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതോടെ പോലീസ് ഗായത്രിക്കൊപ്പമുണ്ടായിരുന്ന പ്രവീണിനായി അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ ഇന്നലെ ഉച്ചയോടെ പരവൂർ പോലീസ് സ്റ്റേഷനിൽ അഭിഭാഷകനൊപ്പം കീഴടങ്ങാൻ എത്തുന്നതിനിടെയാണ് പ്രവീണിനെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
ഗായത്രിയും പ്രവീണും നഗരത്തിലെ പ്രമുഖ സ്വർണ വ്യാപാരകേന്ദ്രത്തിൽ കുറച്ചുകാലം ഒരുമിച്ചു ജോലി ചെയ്തിരുന്നു.
ഇതിനിടയിൽ ഇരുവരും തമ്മിൽ പ്രണയത്തിലായി. വിവാഹതിനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ അക്കാര്യം മറച്ചുവച്ചാണ് ഗായത്രിയുമായി ബന്ധം സ്ഥാപിച്ചത്
ഇവർ തമ്മിലുള്ള ബന്ധം പ്രവീണിന്റെ ഭാര്യ അറിയുകയും അവർ ഇക്കാര്യം ഇരുവരും ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ അറിയിച്ചു.പിന്നീട് പോലീസിലും പരാതി നൽകി. ഗായത്രി ഈ സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റും പ്രവീണ്‍ ഡ്രൈവറായുമാണ് ജോലി ചെയ്തിരുന്നത്.
പ്രവീണിന്റെ ഭാര്യ ഇക്കാര്യം ഗായത്രിയുടെ വീട്ടുകാരെയും അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഗായത്രി ജോലി ഉപേക്ഷിച്ചു.
പിന്നീട് നാട്ടിൽ തന്നെ ജിം ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു ഗായത്രി. പരാതിയുടെ പശ്ചാത്തലത്തിൽ പ്രവീണിനെ കഴിഞ്ഞ ദിവസം ജ്വല്ലറിയുടെ തമിഴ്നാട്ടിലെ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ഇതോടെ ഭാര്യയെ ഉപേക്ഷിച്ച് തന്നെയും കൂടെ കൊണ്ടു പോകണമെന്ന് ഗായത്രി നിർബന്ധം പിടിക്കുകയും ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം തീർക്കുന്നതിനായുമാണ് ഇരുവരും ഹോട്ടലിൽ വച്ചു കണ്ടു മുട്ടിയത്.
എന്നാൽ ഇതിനിടയിൽ വീണ്ടും വാക്കുതർക്കമുണ്ടാവുകയും പ്രവീണ്‍ ഗായത്രിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രവീണും ഗായത്രിയും നഗരത്തിലെ ഒരു പള്ളിയിൽ വച്ച് വിവാഹിതരായിരുന്നു. ഇത് ഇരുവരും രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.
ഭാര്യയെ ഉപേക്ഷിച്ച് തനിക്കൊപ്പം വരാമെന്നു വാക്കു നൽകിയ പ്രവീണ്‍ വാക്കുമാറ്റുകയാണെന്ന് ആരോപിച്ച് ഗായത്രി വിവാഹ ചിത്രങ്ങൾ വാട്സ് ആപ് സ്റ്റാറ്റസിലൂടെ പരസ്യമാക്കി.
ഇതോടെ ഇരുവരും തമ്മിലുള്ള വാക്കുതർക്കം രൂക്ഷമാവുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നെന്നാണ് പ്രവീണ്‍ പോലീസിനു നൽകിയിട്ടുള്ള മൊഴി. പോലീസ് കസ്റ്റഡിയിലുള്ള പ്രവീണിനെ ഇന്നു കോടതിയിൽ ഹാജരാക്കും.