കൊട്ടാരക്കര : അനാഥരെന്ന നൊമ്പരവാക്കിന് ഇവരുടെ ജീവിതത്തിൽ ഇനി പ്രസക്തിയില്ല .കാരണം സനാഥത്വത്തിന്റെ സ്നേഹക്കൂട്ടിൽ ഒരേ മനസായി പുതുജീവിതത്തിലേയ്ക്ക് ഇവർ കാലെടുത്തുവച്ചു.
വിധി നൽകിയ തിരിച്ചടികളിൽ പതറിപ്പോകാതെ പ്രത്യാശയോടെ ജീവിതത്തെ നോക്കിക്കണ്ട ആശ്രയയുടെ മടിത്തട്ടിൽ നിന്നും പഠിച്ചുവളർന്ന കലയപുരം ആശ്രയ ശിശുഭവനിലെ പ്രവീണയും പത്തനംതിട്ട ജില്ലയിലെ പറന്തൽ ആശ്രയ ശിശുവിഹാറിലെ ജിനീഷും തമ്മിലാണ് വിവാഹിതരായത് .
ഇന്നലെ കലയപുരം ആശ്രയ സങ്കേതത്തിലെ പൂക്കളാൽ അലങ്കരിച്ച വിവാഹപ്പന്തലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി , ജനപ്രതിനിധികളായ ആർ .രശ്മി , ആർ .ചന്ദ്രകുമാരി ടീച്ചർ, സൂസമ്മ ബേബി, ആശ്രയ പ്രസിഡന്റ് കെ. ശാന്തശിവൻ, ജനറൽ സെക്രട്ടറി കലയപുരം ജോസ്, കൃഷ്ണകുറുപ്പ്, ജനാർദ്ദനൻപിള്ള, ജോർജ് നാടശാലക്കൽ, കെ. രാമചന്ദ്രൻ പിള്ള, രമണികുട്ടി ടീച്ചർ, സന്ധ്യാദേവി, മിനിജോസ്, ക്ഷണിക്കപ്പെട്ട അതിഥികൾ, ആശ്രയയിലെ അന്തേവാസികൾ തുടങ്ങി ആയിരത്തിലധികം ആളുകളെ സാക്ഷിനിർത്തി പ്രവീണയുടെ കഴുത്തിൽ ജിനീഷ് താലി ചാർത്തി ജീവിതത്തിലേയ്ക്ക് കൂട്ടികൊണ്ടുപോയി. വർഷങ്ങൾക്ക് മുൻപാണ് പ്രവീണ പറക്കമുറ്റാത്ത മൂന്ന് സഹോദരങ്ങളോടൊപ്പം ആശ്രയയിലെത്തുന്നത് .