ഡിഗ്രി പഠിക്കുന്ന സമയത്താണ് കളിയൂഞ്ഞാൽ എന്ന സിനിമ വരുന്നത്. വെക്കേഷൻ സമയത്താണ് ഓഫർ വന്നത്. ആദ്യമായിട്ട് മമ്മൂട്ടി സർ, ശോഭന ചേച്ചി എന്നിവരെയൊക്കെ പരിചയപ്പെട്ടു.
എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു. ബിഎ മ്യൂസിക് ആണെന്ന് പറഞ്ഞപ്പോൾ പാട്ടൊക്കെ പാടുമോ, എന്നാൽ ഇവിടെ ഇരുന്നൊരു പാട്ട് പാടിക്കേ എന്ന് മമ്മൂട്ടി സർ പറഞ്ഞു.
അദ്ദേഹത്തിന് വലിയ സ്നേഹമായിരുന്നു. സിനിമയിൽ ഞാൻ നല്ല രീതിയിൽ വരണം എന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാകണം.
അദ്ദേഹം ഇപ്പോൾ അത് ഓർക്കുന്നുണ്ടാവില്ല. എന്നെപ്പോലെ ഒരുപാട് കുട്ടികൾക്ക് ഉപദേശം നൽകിയിരിക്കാം.
വന്നതേ ഉള്ളൂ, ഇനി ഒരുപാട് സിനിമകളിൽ അവസരം വരും. നല്ല സംവിധായകർ, കഥാപാത്രം, ടീം എന്നിവയൊക്കെ നോക്കി സിനിമകൾ തെരഞ്ഞെടുക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. -പ്രവീണ