കണ്ണൂർ: ബാങ്ക് മാനേജർ ചമഞ്ഞ് കണ്ണൂരിലെ കോളജ് അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒന്പതുലക്ഷം രൂപ കവർച്ച നടത്തിയ മുഖ്യപ്രതിയായ ഉത്തർ പ്രദേശുകാരൻ അറസ്റ്റിൽ.
ഉത്തർപ്രദേശ് മിർസാപൂർ സ്വദേശി പ്രവീൺകുമാർ സിംഗി (30) നെയാണ് ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നിർദേശപ്രകാരം കണ്ണൂർ പോലീസ് ഇൻസ്പെക്ടർ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ സജീവൻ, സിപിഒ സന്തോഷ് ചേലേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഘത്തിൽ നാല് പേരുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ബംഗാൾ, ജാർഖണ്ഡ് സ്വദേശികളായ രണ്ടുപേരും യുപി സ്വദേശികളായ രണ്ടുപേരുമാണ് സംഘത്തിലുള്ളത്.
2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ജില്ലയിലെ ഒരു കോളജ് ആധ്യാപികയെ വിദഗ്ധമായി കബളിപ്പിച്ച് പണം തട്ടുകയായിരുന്നു ഇതര സംസ്ഥാനക്കാരൻ.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജരാണെന്നു പറഞ്ഞാണ് ഉത്തർപ്രദേശ് സ്വദേശി പ്രവീൺകുമാർ സിംഗ് അധ്യാപികയെ ഫോൺ വിളിച്ചത്.
എടിഎം കാർഡുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിച്ചില്ലെങ്കിൽ എടിഎം മെഷീൻ വഴി പണം പിൻവലിക്കാൻ സാധിക്കില്ലെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
തുടർന്ന് അധ്യാപിക എ ടിഎം നന്പറും പാസ്വേർഡും ഒടിപി നന്പറും പ്രവീൺകുമാർ സിംഗിന് കൈമാറുകയായിരുന്നു. ഇതുപയോഗിച്ചാണ് അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒന്പതുലക്ഷം രൂപ കവർന്നത്. തട്ടിപ്പ് മനസിലാക്കിയ അധ്യാപിക പിന്നീട് ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ ടീം രൂപീകരിച്ച് കേസന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ പ്രതി കണ്ണൂരിൽ നിന്നു മുങ്ങി സ്വദേശമായ ഉത്തർപ്രദേശിൽ എത്തി.
ഇത് മനസിലാക്കിയ പോലീസ് സംഘം കണ്ണൂരിൽ നിന്ന് യുപിയിലേക്കു പുറപ്പെട്ടു. യുപിയിൽ പ്രതിയെ പോലീസ് അന്വഷിക്കുന്നതിനിടെ കവർച്ച ചെയ്ത പണം ഉപയോഗിച്ച് മിർസാപൂരിൽ ആഢംബര ജീവിതം നയിക്കുകയായിരുന്നു.
തുടർന്ന് തന്ത്രപൂർവം പ്രവീൺകുമാറിനെ പോലീസ് പിടികൂടുകയായിരുന്നു. ഉത്തർപ്രദേശിൽ നിന്നും വിമാനമാർഗം കോഴിക്കോട്ട് എത്തിച്ച പ്രതിയെ റോഡ് മാർഗം കണ്ണൂരിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ഇന്ന് ഉച്ചയോടെ കോടയിൽ ഹാജരാക്കും. വർഷം നീണ്ട കൃത്യതയോടെയുള്ള അന്വേഷണത്തിനൊടുവിൽ ഉത്തർപ്രദേശിൽ നിന്നും പ്രതിയെ പിടികൂടി കണ്ണൂരിലെത്തിക്കാനായത് പോലീസിന്റെ അന്വേഷണ മികവാണ്.