പേരൂർക്കട: തട്ടിപ്പുകേസിൽ അറസ്റ്റിലായ തൃശൂർ സ്വദേശി പ്രവീൺ റാണക്കെതിരേ കരമന സ്റ്റേഷനിലും പരാതി. വഞ്ചിയൂർ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. തന്നിൽ നിന്ന് ഏകദേശം 35 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്.
വഞ്ചനാ കേസുമായി ബന്ധപ്പെട്ട് തൃശൂർ, കൊല്ലം തുടങ്ങിയ ജില്ലകളിൽ പ്രവീൺ റാണക്കെതിരേ നിരവധി കേസുകൾ ഉണ്ട്.
ഇയാൾ സേഫ് ആൻഡ് സ്ട്രോംഗ് ബിസിനസ് കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻറെ ഡയറക്ടറാണ്. ഇയാളുടെ സ്ഥാപനത്തിലെ മറ്റു ജീവനക്കാർ ഉൾപ്പെടെ 7 പേരെയാണ് പ്രതിചേർത്തിട്ടുള്ളത്.
പത്രത്തിലെ പരസ്യം കണ്ടാണ് താൻ പണം നിക്ഷേപിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരിയുടെ തിരുവനന്തപുരത്തെ വാടക വീട്ടിലെത്തിയ പ്രവീൺ റാണയുടെ സംഘം കമ്പനിക്ക് ഡെപ്പോസിറ്റുകൾ ഫ്രാഞ്ചൈസി സ്കീമായി സ്വീകരിക്കാനുള്ള ലൈസൻസ് ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
പണം നിക്ഷേപിക്കുകയാണെങ്കിൽ ഇതിലേക്ക് ഫ്രാഞ്ചൈസി എഗ്രിമെനന്റ് എഴുതി നൽകാമെന്നും ഇവർ പറഞ്ഞു. തുടർന്ന് റിസർവ് ബാങ്കിന്റെ അനുമതിപത്രം എന്ന വ്യാജേന ചില രേഖകൾ കാണിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് പരാതിക്കാരി തൃശൂരുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുകയായിരുന്നു.
എന്നാൽ സംഗതി തട്ടിപ്പാണെന്ന് മനസിലായതോടെ പരാതിക്കാരി നിരന്തരം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അഞ്ചര ലക്ഷത്തോളം രൂപ മാത്രമാണ് പിൻവലിക്കാനായത്.പരാതിയിൽ കരമന പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.