കൊച്ചി: മധ്യവേനല്‍ അവധിക്കുശേഷം സംസ്ഥാനത്ത് ഇന്ന് ക്ലാസുകള്‍ ആംഭിക്കും. പ്രീപ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള 39,94,944 കുട്ടികളാണ് ഇന്നു സ്കൂളുകളിലെത്തുന്നത്. 2,44,646 കുരുന്നുകളാണ് ഇന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നത്. സ്കൂളുകള്‍ തുറക്കുന്നതിനോടനുബന്ധിച്ചുള്ള പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് എറണാകുളത്ത് നടക്കും. എളമക്കര ജിഎച്ച്എസ്എസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവന്‍കുട്ടി, മറ്റു മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കലാ-സാംസ്കാരിക- വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാതല, ബ്ലോക്ക് തല പ്രവേശനോത്സവങ്ങളും അതത് സ്ഥലങ്ങളില്‍ നടക്കും. സംസ്ഥാനത്തെ സ്കൂളുകളില്‍ പുതുക്കിയ പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയായിവരികയാണ്. യൂണിഫോം വിതരണം അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ക്ലാസുകള്‍ ഈ മാസം 24ന് ആരംഭിക്കും. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒട്ടാകെ 45,000 ക്ലാസ് മുറികള്‍ ഹൈടെക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 20,266 ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുളള പ്രായോഗിക പരിശീലനം പൂര്‍ത്തിയാക്കി. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് സഹായകമാകുന്ന തരത്തില്‍ അടുക്കള പച്ചക്കറിത്തോട്ട നിര്‍മാണവും സ്കൂളില്‍ ആരംഭിക്കും.
പിടിഎ അംഗത്വം നിർബന്ധം
സ്കൂള്‍ പ്രവേശന സമയത്തും മറ്റും രക്ഷിതാക്കളില്‍നിന്നു ശേഖരിക്കുന്ന പിടിഎ അംഗത്വ തുക മുഴുവനായും പിടിഎ അക്കൗണ്ടില്‍ നിക്ഷേപിക്കണം. പിടിഎ അംഗത്വം എല്ലാ രക്ഷിതാക്കള്‍ക്കും വര്‍ഷംതോറും നിര്‍ബന്ധമാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, സാമ്പത്തികമായി വളരെ പിന്നാക്കം നില്ക്കുന്നവര് എന്നിങ്ങനെയുള്ളവര്‍ക്ക് പിടിഎ അംഗത്വ ഫീസ് നിര്‍ബന്ധമല്ല. അംഗത്വ ഫീസിന്റെ നിരക്ക് എല്‍പി വിഭാഗത്തിന് പത്തു രൂപ, യുപി വിഭാഗത്തിന് 25 രൂപ, ഹൈസ്കൂള്‍ വിഭാഗത്തിന് 50 രൂപ, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് 100 രൂപ എന്ന ക്രമത്തിലാണ്.
ഒന്നാം ക്ലാസിലേക്കു പ്രവേശനത്തിന് 2.44 ലക്ഷം കുട്ടികൾ
സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്ക് ഈ അധ്യയന വർഷം പ്രവേശനം നേടിയത് 2.44 ലക്ഷം വിദ്യാർഥികൾ. ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തേക്കാൾ 53423 വിദ്യാർഥികളുടെ കുറവാണ് ഇക്കുറി ഒന്നാം ക്ലാസ് പ്രവേശനത്തിൽ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.
ലഹരിയെ ചെറുക്കാൻ കർമപദ്ധതി
വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ പ്രതിരോധിക്കുന്നതിന് പോലീസ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജോയിന്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദ്യാര്ഥികളെക്കൂടി പങ്കെടുപ്പിച്ച് നിരവധി പരിപാടികള്‍ സ്കൂളിനകത്തും പുറത്തുമായി ഈ അധ്യയനവര്‍ഷം വിദ്യാഭ്യാസ വകുപ്പ് നടത്തും. സ്കൂളുകളുടെ സമീപപ്രദേശങ്ങളില്‍ ലഹരിവസ്തുക്കളുടെ വില്പന തടയുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.