കോട്ടയം: പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയശേഷം നാടുവിട്ട പ്രതിയെ വിദേശത്തുനിന്നു തിരിച്ചെത്തിയ ദിവസം കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം മര്യാത്തുരുത്ത് വിനോദ് വില്ലയിൽ പി.എസ്. പ്രശാന്തിനെ(28)യാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഫെബ്രുവരിൽ പ്രദേശവാസിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ചു വിവിധ സ്ഥലങ്ങളിലെത്തിച്ചു പ്രശാന്ത് പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴാണു ഗർഭിണിയാണെന്നു തിരിച്ചറിഞ്ഞത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി വിദേശത്തേക്കു മുങ്ങി. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഇതിനിടെ നാട്ടിൽ തിരിച്ചെത്തിയ പ്രതിയെ നെടുന്പാശേരി വിമാനത്താവളത്തിൽനിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.
കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, പ്രിൻസിപ്പൽ എസ്ഐ ടി. ശ്രീജിത്ത്, എസ്ഐമാരായ നാരായണൻ ഉണ്ണി, രാജേഷ്, സിപിഒ വിഷ്ണു വിജയദാസ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.