സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് പെരുംനുണകള്‍; തന്റെ കൈയ്യില്‍ കടന്നുപിടിച്ച മേക്കപ്പ്മാനെതിരേ പൊട്ടിത്തെറിച്ച് പ്രയാഗാ മാര്‍ട്ടിന്‍

prayagaപി.ടി കുഞ്ഞു മുഹമ്മദിന്റെ ‘ വിശ്വാസപൂര്‍വം മന്‍സൂര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടി പ്രയാഗ മാര്‍ട്ടിന്‍ മേക്ക്അപ്മാനെ മര്‍ദിക്കാന്‍ ശ്രമിച്ചെന്നും അതു തടയാന്‍ ശ്രമിച്ച മേക്ക്അപ്മാനെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിക്കുകയും ചെയ്തു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിഷയത്തില്‍ പ്രയാഗയെ കുറ്റപ്പെടുത്തി നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്ന് പ്രയാഗ ഒരു പ്രമുഖ മാധ്യമത്തോട് തുറന്നു പറഞ്ഞു.

‘ചിത്രത്തിന്റെ ഷൂട്ടിങ് അതിരാവിലെ ആയിരുന്നു. രാവിലെ 4.30 നു തന്നെ ഷൂട്ടിനായി ഞാന്‍ സെറ്റില്‍ എത്തി. ചിത്രത്തില്‍ ഞാന്‍ ചെയ്യുന്ന മുംതാസ് എന്ന കഥാപാതത്തിന് മേക്ക്അപ്പേ ഇല്ല. അത്രയും റിയലിസ്റ്റിക് ആയിട്ടുള്ള ഒരു വേഷമാണ്. അഥവാ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ സ്വയമോ അല്ലെങ്കില്‍ എന്റെ തന്നെ ടീമോ ആണു ചെയ്യാറുള്ളതും. രാവിലെ ഷൂട്ടിനായി വന്നപ്പോള്‍ പി.ടി സാര്‍ പറഞ്ഞു മുഖം കുറച്ച് ഡള്‍ ആക്കണമെന്ന്. എന്റെ കൈവശം അതുപോലുള്ള ഷെയ്ഡ്‌സ് (മേക്ക്അപ് സാമഗ്രി) ഇല്ല എന്ന് ഞാന്‍ സാറിനോടു പറഞ്ഞു. അപ്പോള്‍ സാര്‍ പറഞ്ഞു നമ്മുടെ മേക്ക്അപ്മാന്റെ സഹായം ചോദിക്കാം, അദ്ദേഹം ചെയ്തുതരുമെന്ന്. തുടര്‍ന്ന് സാറിന്റെ നിര്‍ദേശത്തോടെ മേക്ക്അപ്മാന്‍ എന്റെ മുഖത്ത് മേക്ക്അപ് ചെയ്‌തോളൂവെന്ന് ഞാന്‍ പറയുകയും ചെയ്തു. പി.ടി സാറിന്റെ നിര്‍ദേശം അനുസരിച്ച് മേക്ക്അപിനായി ഇരുന്ന എന്നോട് ഒരു കാര്യവുമില്ലാതെ, ‘നീയൊക്കെ ആരാന്നാ വിചാരം’ എന്നൊക്കെ പറഞ്ഞ് അയാള്‍ ഒരു കാരണവുമില്ലാതെ ദേഷ്യപ്പെടാന്‍ തുടങ്ങി. പി.ടി സാറും രാധാകൃഷ്ണന്‍ സാറും ഉള്‍പ്പടെയുള്ളവര്‍ തൊട്ടടുത്ത് ഇരിപ്പുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടപ്പോള്‍ എല്ലാവരും അതിശയിച്ചു, ഇയാളെന്താ ഇങ്ങനെയെന്നു അവരും വിചാരിച്ചു. റോഡ്‌സൈഡിലായിരുന്നു ഷൂട്ട് നടന്നിരുന്നത്. ഒരു പെണ്‍കുട്ടിയോട് സംസാരിക്കാന്‍ പറ്റാത്ത അത്രയും മോശമായി അയാള്‍ എന്നോടു സംസാരിച്ചു.

ഷൂട്ട് മുടങ്ങേണ്ട എന്നു കരുതി ആ സമയത്ത് താന്‍ പ്രതികരിച്ചില്ല എന്നും പ്രയാഗ പറയുന്നു. ഷൂട്ട് കഴിഞ്ഞപ്പോള്‍ അമ്മയോടും അച്ഛനോടും ഇക്കാര്യങ്ങള്‍ പറഞ്ഞെന്നും പ്രയാഗ പറഞ്ഞു. അമ്മയെയും കൂട്ടി അയാളുടെ അടുത്തെത്തിയപ്പോള്‍ അയാള്‍ മോശം ഭാഷയില്‍ സംസ്ാരിച്ചെന്നും പ്രയാഗ വ്യക്തമാക്കുന്നു. ”അമ്മയോട് അപമര്യാദയായി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു ‘മിസ്റ്റര്‍ നിങ്ങള്‍ മര്യാദ പാലിക്കണമെന്ന്’. നിങ്ങള്‍ അങ്ങനെ സംസാരിച്ചതിന്റെ കാരണം എനിക്കറിയണമെന്നു പറഞ്ഞ് കൈചൂണ്ടി സംസാരിച്ചു. ‘നീ കൈ ഒന്നും ചൂണ്ടാന്‍ നില്‍ക്കല്ലേ… പ്രയാഗ നീ വെറും ഒരു പെണ്ണാണ്’ എന്നു പറഞ്ഞിട്ട് അടിമുടി വൃത്തികെട്ട ഒരു നോട്ടം നോക്കി. ‘ഞാന്‍ നിങ്ങള്‍ക്കെതിരെ കൈ ചൂണ്ടി സംസാരിച്ചിട്ടുണ്ടെങ്കില്‍ ഞാനിത് എടുത്ത് മാറ്റാന്‍ പോകുന്നില്ല. ഞാന്‍ ഒരു പെണ്ണാടോ എന്ന്’ അയാളോടു തിരിച്ചു പറഞ്ഞു. അപ്പോഴേക്കും അയാള്‍ എന്റെ വലതുകൈ പിടിച്ചു തിരിച്ചു. പ്രതിരോധിക്കാന്‍ നോക്കിയിട്ട് എനിക്കു സാധിച്ചില്ല. ഇതുകണ്ട് അയാള്‍ എന്റെ ഇടതുകൈയില്‍ ഒരു ഇടി തന്നു. അപ്പോഴേക്കും വേറേ രണ്ടു പേര്‍ വന്ന് അയാളെ പിടിച്ചു കൊണ്ടു പോയി. ഇല്ലായിരുന്നേല്‍ എനിക്ക് ചവിട്ടും തല്ലും ഉറപ്പായിരുന്നു. അത്രയ്ക്കു ക്രോധത്തോടെ നില്‍ക്കുകയായിരുന്നു അയാള്‍’.പ്രയാഗ പറയുന്നു.

Prayaga-33
ഇത്രയും ദിവസം പ്രതികരിക്കാതിരുന്നത് താരസംഘടനയായ അമ്മയില്‍ നിന്നുള്ള നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നെന്നും പ്രയാഗ വ്യക്തമാക്കുന്നു. അമ്മ അധികൃതര്‍ തന്നെ പിന്തുണച്ചതുകൊണ്ടും സിനിമയുടെ സംവിധായകന്റെ നിര്‍ദേശം മാനിച്ചതുകൊണ്ടുമാണ് കേസിനു പോകാഞ്ഞതെന്നും പ്രയാഗ പറയുന്നു. ഷൂട്ടിംഗ് സ്ഥലത്തുവച്ചു തന്നെ മേക്കപ്പ്മാന്‍ പരസ്യമായി ക്ഷമ പറഞ്ഞതോടെ സംഭവം അവസാനിച്ചതായിരുന്നു എന്നാല്‍ താന്‍ നിയമപരമായി കേസുമായി മുന്നോട്ടു പോകുമെന്ന് മനസിലാക്കിയ മേക്കപ്പ്മാനും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ പോസ്റ്റുകള്‍ ഇടുകയായിരുന്നെന്നും പ്രയാഗ പറഞ്ഞു.സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഇല്ലാതിരുന്ന ആര്‍ട്ട് ഡയറക്ടറാണ് താന്‍ മേക്കപ്പ്മാനെ മര്‍ദ്ദിച്ചു എന്നതരത്തില്‍ പോസ്റ്റിട്ടത് എന്നും പ്രയാഗ പറയുന്നു. ആകെ തകര്‍ന്ന താന്‍ ഈ വിഷയത്തില്‍ മേക്കപ്പ്മാനെതിരേയും തനിക്കെതിരേ വ്യാജവാര്‍ത്ത കൊടുത്ത ആള്‍ക്കെതിരേയും കേസ് കൊടുക്കുമെന്ന് സംവിധായകനോടു പറഞ്ഞതായും പ്രയാഗ പറയുന്നു. ഇതിനുശേഷം അമ്മയില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് അവര്‍ പോസ്റ്റ് നീക്കം ചെയ്തിരുന്നു.തന്റെ ഭാഗം ക്ലിയറാക്കേണ്ടത് തന്റെ ആവശ്യമാണെന്നും പ്രയാഗ വ്യക്തമാക്കി. തന്റെ അനുവാദമില്ലാതെ എന്റെ കൈയില്‍ കയറിപ്പിടിച്ച് തന്നെ ഉപദ്രവിക്കുകയാണ് ചെയ്തത്. ഒരു പെണ്‍കുട്ടിക്ക് നേരെയും ഇന്‍ഡസ്ട്രിയില്‍ ഇനി ഇങ്ങനെ ഒരു കാര്യം സംഭവിക്കരുത്. ഈ സംഭവം നടന്നതിനു ശേഷവും താന്‍ ചിത്രത്തിന്റെ ഷൂട്ടുമായി സഹകരിച്ചെന്നും പ്രയാഗ വ്യക്തമാക്കി.

സാഗര്‍ എലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ബാലതാരമായാണ് പ്രയാഗ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ് എന്ന ചിത്രത്തിലൂടെയാണ് നായികാ പദവിയിലേക്കുയരുന്നത്. ഒരു മുറൈ വന്ത് പാത്തായ എന്ന സിനിമയിലൂടെയാണ് പ്രയാഗ മലയാളത്തില്‍ നായികാവേഷം അണിയുന്നത്.സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റാനും പ്രയാഗയ്ക്കു കഴിഞ്ഞു. രാംലീല, സ്‌നേഹപൂര്‍വം മന്‍സൂര്‍ എന്നിവയാണ് പ്രയാഗയുടേതായി ഉടന്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍.

Related posts