പ്രയാഗ് രാജ്: പ്രയാഗ്രാജിൽ വീടുകൾ അധികൃതമായി പൊളിച്ചുമാറ്റിയ നടപടിയിൽ ഉത്തർപ്രദേശ് സർക്കാരിനു സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. നോട്ടീസ് നൽകി 24 മണിക്കൂറിനുള്ളിൽ അപ്പീൽ നൽകാൻ സമയം നൽകാതെ വീടുകൾ പൊളിച്ചുമാറ്റിയ നടപടി തങ്ങളുടെ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്ന് ജസ്റ്റീസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
2023ൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായ ആതിക് അഹമ്മദിന്റേതാണെന്ന് കരുതി സംസ്ഥാന സർക്കാർ വീടുകൾ തെറ്റായി പൊളിച്ചുമാറ്റിയതായി ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചിരുന്നു. “അതിശക്തമായ രീതിയിലാണ് താമസസ്ഥലം പൊളിച്ചുമാറ്റിയത്. കോടതികൾക്ക് അത്തരമൊരു പ്രക്രിയ സഹിക്കാൻ കഴിയില്ല. ഒരു കേസിൽ നമ്മൾ സഹിച്ചാൽ അത് തുടരും.” ബെഞ്ച് ചൂണ്ടിക്കാട്ടി.