ശ്രീജിത് കൃഷ്ണന്
കാസര്‍ഗോഡ്: മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം പൂര്‍ത്തിയാക്കി ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്ത് പിന്നീട് ദുബായിലേക്ക് പോകാനുള്ള തയാറെടുപ്പിനിടയിലാണ് കാസര്ഗോട്ടുകാരന് വിഷ്ണു നമ്പ്യാര്‍ സിനിമയുടെ വണ്ടിയില്‍ കയറി നോക്കിയത്.
കുട്ടിക്കാലം മുതല്‍ ഉള്ളില്‍ നിറഞ്ഞുനിൽക്കുന്ന ആഗ്രഹമായതിനാല്‍ പിന്നെ അവിടെനിന്നു ഇറങ്ങാന്‍ തോന്നിയില്ല.
അത്രമേല്‍ ഇഷ്ടത്തോടെ മൂന്നു സിനിമകൾ ചെയ്തുകഴിഞ്ഞ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന “സ്റ്റേഷന് 5′ എന്ന ചിത്രത്തിലൂടെ സ്ഥിരതയാര്‍ന്ന നായകവേഷത്തിലെത്തിയിരിക്കുകയാണ് പ്രയാണ്‍ എന്ന വിഷ്ണു നമ്പ്യാര്‍.
കാവ്യാ മാധവന് മുതല്‍ അനഘ വരെയുള്ള നായികമാരും സ്വഭാവനടന്മാരുമൊക്കെ ഏറെയുണ്ടായിട്ടുണ്ടെങ്കിലും മലയാളസിനിമയില്‍ മുഴുവന്‍സമയ നായകപദവിയിലെത്തുന്ന ആദ്യത്തെ കാസര്ഗോട്ടുകാരനെന്ന ക്രെഡിറ്റ് ഒരുപക്ഷേ പ്രയാണിനാകും.
കാസര്‍ഗോട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വി.വി. പ്രഭാകരന്റെയും കെ.പി. വത്സലയുടെയും മകനായ വിഷ്ണു സ്കൂളിലും കോളജിലും പഠിക്കുമ്പോഴെല്ലാം സ്റ്റേജുകളിലെ നിത്യസാന്നിധ്യമായിരുന്നു.
ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ചെങ്കിലും ഒന്നിലും നായകനായിരുന്നില്ല. എന്നാല്‍ സിനിമയില്‍ ലഭിച്ച ആദ്യത്തെ അവസരംതന്നെ നായകവേഷമായിരുന്നു.
ചെന്നൈയിലെ ജോലിയില്‍നിന്നും വിട്ട് ദുബായ് അവസരം കാത്തുനിന്ന കാലത്ത് ഒരു രസത്തിന് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത നാലര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഡബ്സ്മാഷ് വീഡിയോയാണ് വിഷ്ണുവിന് സിനിമയിലേക്കുള്ള വഴി തുറന്നത്.
മോഹന്‍ലാലിന്റെയും സലിംകുമാറിന്റെയും മുതല്‍ നിവിന്‍ പോളി വരെയുള്ളവരുടെ ഹിറ്റ് ഡയലോഗുകള്‍ അതേ ശരീരഭാഷയോടെ അവതരിപ്പിച്ചാണ് വീഡിയോ ചെയ്തത്.
ഇതു കണ്ടാണ് സംവിധായകന് രാജീവ് വര്‍ഗീസ് “അങ്ങനെ ഞാനും പ്രേമിച്ചു’ എന്ന സിനിമയിലേക്ക് നായകനായി വിളിച്ചത്. ഒരു ഡ്രാമാ സ്കൂള്‍ വിദ്യാര്‍ഥിയുടെ വേഷമായിരുന്നു അതില്‍ ചെയ്തത്.
തൊട്ടുപിന്നാലെ ഷാജി കൈലാസിന്റെ അസിസ്റ്റന്റായിരുന്ന അജയ് രവികുമാറിന്റെ പ്രഥമ സംവിധാന സംരംഭമായ “നമസ്തേ ഇന്ത്യ’യിലും നായകവേഷം ലഭിച്ചു.
ഇന്ത്യയെ അറിയാനായി ഒരു യുവസംഗീതജ്ഞനും ഇസ്രയേലി പെണ്‍കുട്ടിയും കേരളം മുതല്‍ ഹിമാലയം വരെ നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിത്രീകരിച്ച സിനിമ പുറത്തിറങ്ങാനിരിക്കുന്നതേയുള്ളൂ. തുടര്‍ന്ന് ഇന്നസെന്റ്, ദേവന്, ഇടവേള ബാബു തുടങ്ങിയവര്‍ക്കൊപ്പം “മുന്തിരിമൊഞ്ചന്’ എന്ന ചിത്രത്തിലും നായകനായി. നാലാമത്തെ ചിത്രമാണ് “സ്റ്റേഷന് 5′.
പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ലഭിച്ച് ആദിവാസിഗ്രാമത്തിലെത്തുന്ന ഒരു യുവ ഡോക്ടറെയും അവിടുത്തെ സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായ യുവതിയെയും ആദിവാസി വിഭാഗത്തില്‍നിന്നുള്ള പഞ്ചായത്തംഗത്തെയും കേന്ദ്രീകരിച്ച് ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങളും മാവോയിസവും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമൊക്കെ പ്രമേയമാകുന്ന ചിത്രമാണ് “സ്റ്റേഷന് 5′.
ആദിവാസി മേഖലയിലെ പോളിംഗ് സ്റ്റേഷനില്‍നിന്നു വോട്ടിംഗ് യന്ത്രം കാണാതാകുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കാതല്‍.
പത്രപ്രവർത്തകനും ഷോർട്ട് ഫിലിം സംവിധായകനുമായ കാസര്ഗോട്ടുകാരന് പ്രശാന്ത് കാനത്തൂരാണ് സംവിധായകന്.
പ്രയാണ്‍ ഡോക്ടറുടെ വേഷത്തിലെത്തുമ്പോള്‍ ഇന്ദ്രന്‍സ് പഞ്ചായത്തംഗമായും പ്രിയംവദ അധ്യാപികയായും എത്തുന്നു. ഐ.എം. വിജയന്, സന്തോഷ് കീഴാറ്റൂര്‍, വിനോദ് കോവൂര്‍ തുടങ്ങിയ താരനിരയുമുണ്ട്.
കെ.എസ്. ചിത്ര, നഞ്ചമ്മ, വിനോദ് കോവൂര്‍ തുടങ്ങിയവര്‍ പാടിയ ഗാനങ്ങളും ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കാസര്‍ഗോഡ് സ്വദേശികളായ ജ്യോതി ചന്ദ്രന്, പ്രിയ ഹരീഷ്, അന്തരിച്ച വേണു മാങ്ങാട് എന്നിവരും ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിക്കുന്നു.