ആലപ്പുഴ: ശബരിമലയിൽ സ്ത്രീ പ്രവേശനം നിരോധിച്ചിട്ടില്ലന്നും പത്തിനും 50നു ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് ശബരിമലിലേക്കുള്ള പ്രവേശനത്തിനു തടസമുള്ളതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. കോട്ടയം തിരുനക്കരയിൽ നടക്കുന്ന അഖിലകേരള ഗുരുനാരായണ ദർശനവിചാരസത്ര വേദിയിൽ ഉയർത്താനുള്ള പതാകയുടെ സമർപ്പണ സമ്മേളനം കിടങ്ങാംപറന്പ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തിനും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ കയറാൻ സാധിക്കാത്തത് അവരുടെ പുണ്യവും മാഹാത്മ്യവും കൊണ്ടാണ്.വെള്ളാപ്പള്ളി നടേശൻ നന്പൂതിരി മുതൽ നായാടിവരെയുള്ള ജനവിഭാഗങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയ വ്യത്യാസമില്ലാതെ നായരെന്നോ നന്പൂതിരിയെന്നോ ഈഴവനെന്നോ വിശ്വകർമജനെന്നോ വ്യത്യാസമില്ലാതെ ഒരു മുകുളത്തിന് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്. ലോകത്തിന് ശ്രേഷ്ടമായ ദർശന സായൂജ്യം നൽകിയ ഋഷീശ്വരാരാണ് ശ്രീനാരായണ ഗുരുദേവനും ചട്ടന്പി സ്വാമികളും.
പരസ്പര സ്നേഹബന്ധത്തിന്റെയും വിശ്വാസത്തിന്റെയും അറിവിന്റെയും ഔന്നിത്യം സൃഷ്ടിച്ചവരാണ് ഇരുവരും. ശ്രീനാരായണ ദർശനം അറിയാനും പഠിക്കാനും തുടങ്ങിയതോടെ എനിക്ക് വലിയ ഗുണങ്ങളും മാറ്റങ്ങളുമാണുണ്ടായത്. പ്രാർഥനകളില്ലാത്ത പ്രവർത്തനങ്ങൾക്കു ഒരു ഫലവും ഉണ്ടാകില്ല. അതുകൊണ്ട് പ്രാർഥനയും പ്രവർത്തനവും ഒന്നിച്ച് കൊണ്ടുപോകണമെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
എസ്എൻഡിപി അന്പലപ്പുഴ യൂണിയൻ പ്രസിഡന്റ് കലവൂർ എൻ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കോടുകുളഞ്ഞി ശ്രീനാരായണഗുരു വിശ്വധർമ മഠാധിപതി ബ്രഹ്മശ്രീ ശിവബോധാനന്ദസ്വാമി അനുഗ്രഹ പ്രഭാണവും പതാക സമർപ്പണവും നിർവഹിച്ചു.
യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി. ഹരിദാസ്, യൂണിയൻ കൗണ്സിലർ എം. രാജേഷ്, വനിതാസംഘം താലൂക്ക് പ്രസിഡന്റ് സന്ധ്യാസിജു, യൂത്ത് മൂവ്മെന്റ് താലൂക്ക് പ്രസിഡന്റ് പി.വി. വേണുഗോപാൽ, എംപ്ലോയീസ് ഫോറം താലൂക്ക് പ്രസിഡന്റ് ദിലീപ് കുമാർ, യോഗം ബോർഡംഗം രംഗരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.