
കൊല്ലം: ശബരിമലയില്‍ ഭക്തരുടെ സംതൃപ്തി ഉറപ്പാക്കുന്നതിന് മുന്‍ഗണന നല്‍കിയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ശബരിമല ധര്‍മ സംരക്ഷണ സമിതി ദേശീയ കണ്‍വീനറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദര്‍ശനത്തിനും വഴിപാടിനും ദേവസ്വം ബോര്‍ഡ് നിര്‍ദേശപ്രകാരം ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്ത് വരുന്ന ഇതര സംസ്ഥാനത്തുനിന്നും ഉള്‍പ്പെടെയുള്ള ഭക്തര്‍ക്ക് അവ സാധിക്കാത്ത സ്ഥിതിയുണ്ട്.
ആരെല്ലാം തള്ളി പറഞ്ഞോ, അയ്യപ്പനെ ആക്ഷേപിച്ചോ അവരെല്ലാം ഇപ്പോള്‍ എണ്ണിഎണ്ണി ഏത്തമിട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാടി മാടി വിളിച്ചിട്ടും ഭക്തരുടെ എണ്ണം കുറയുന്നു.
അഴിമതിക്കാരല്ലാത്ത വിശ്വാസികളായവര്‍ക്ക് ദേവാലയങ്ങളുടെ ഭരണപരമായ ചുമതല നല്കുമ്പോള് അവരുടെ വിശ്വാസത്തെ ഹനിക്കുന്ന സമീപനം ആര് അധികാരത്തില്‍ വന്നാലും ഉണ്ടാകരുത്.
അയ്യപ്പന്റെ വാനപ്രസ്ഥവുമായി ബന്ധപ്പെട്ട് കിടക്കുന്ന കാന്തമല ക്ഷേത്രം പുനസ്ഥാപിക്കാനും ശബരിമലയില്‍ മെഡിക്കല്‍കോളജ് ആരംഭിക്കാനുള്ള മുന്‍ തീരുമാനം നടപ്പിലാക്കണമെന്നും പ്രയാര്‍ ആവശ്യപ്പെട്ടു.