തിരുവനന്തപുരം: കോടതി വിധിച്ചാൽ പോലും മാനവും മര്യാദയുമുള്ള സ്ത്രീകൾ ശബരിമല കയറില്ലെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ശബരിമലയെ തായ്ലൻഡ് ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്ത്രീകൾ കയറേണ്ടതില്ലെന്നാണ് ദേവസ്വം ബോർഡ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജി ഭരണഘടനാ ബഞ്ചിനു വിട്ട സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ.
അതേസമയം, പ്രയാർ ഗോപാലകൃഷ്ണന്റേതു സംസ്കാരശൂന്യമായ ജൽപനമാണെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് ഇത്തരം പ്രസ്താവനകൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു.
ശബരിമലയെ തായ് ലൻഡ് ആക്കാൻ അനുവദിക്കില്ലെന്നു പ്രയാർ പറഞ്ഞതായി കണ്ടു. എന്തു താരതമ്യമാണ് പ്രയാർ നടത്തിയിരിക്കുന്നത്? ശബരിമലയിൽ 10 വയസിനു താഴെയുള്ളതും 50 വയസിന് മുകളിലുള്ളതുമായ സ്ത്രീകൾക്ക് ഒരു വിലക്കുമില്ല. അവരെയെല്ലാം മോശം പ്രതികരണത്തിലൂടെ അവഹേളിക്കുകയാണ് കോണ്ഗ്രസ് നേതാവ് കൂടിയായ പ്രയാർ ഗോപാലകൃഷ്ണൻ ചെയ്തിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു.