കൊട്ടാരക്കര: വിലയ്ക്ക് പുണ്യം നൽകുന്നവരാണെന്ന ധാരണ പൂജാരി മുതൽ തൂപ്പുകാർ വരെയുള്ളവർ മാറ്റണമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. കൊട്ടാരക്കരയിൽ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ സ്വീകരണം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭക്തരോടുള്ള സഹകരണം മാതൃകാപരമാകണം. അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചെടുക്കാനുള്ള പരിശ്രമങ്ങൾ ദേവസ്വംബോർഡ് നടത്തും. ചെറുവള്ളി എസ്റ്റേറ്റിൽ മാത്രം നൂറേക്കറോളം ഭൂമി ദേവസ്വംബോർഡിന്റേതാണ്. എരുമേലിയിൽ 132 ഏക്കറുണ്ടായിരുന്ന ദേവസ്വംഭൂമി ഇപ്പോൾ 16 ഏക്കർ മാത്രമാണുള്ളത്. അന്യാധീനപ്പെട്ട ‘ഭൂമി തിരിച്ചുപിടിക്കുകയും എയിഡഡ് സർവകലാശാലയും മെഡിക്കൽ കോളേജും തുടങ്ങാനുള്ള പദ്ധതികളും ദേവസ്വംബോർഡിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിനിധി സമ്മേളനം ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.പി.മധുസൂദനൻപിള്ളയുടെ അധ്യക്ഷതയിൽ വർക്കിംഗ് പ്രസിഡന്റ് ചവറ രാജശേഖരൻ, പ്രേംജിത്ത് ശർമ്മ, കെ.പി.ഉണ്ണികൃഷ്ണൻ, പി.എസ്.പ്രസാദ്, പ്രശാന്തൻപിള്ള, വർക്കല ശശികുമാർ, മാവേലിക്കര ആർ.ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.