കൊല്ലം: ഭക്തിയാണ് ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയെന്നും പ്രാര്‍ഥനയാണ് ഏറ്റവും മൂര്‍ച്ചയേറിയ ആയുധമെന്നും മുന്‍ എംഎല്‍എയും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. പത്തനാപുരം ഗാന്ധിഭവനില്‍ ഗോകുലം ഗോപകുമാര്‍ അനുസ്മരണവും അവാഡ്ദാനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസമാണ് എല്ലാത്തിന്റേയും അടിത്തറ. ആചാരാനുഷ്ഠാനങ്ങളാണ് അതിന് ആര്‍ജവം പകര്‍ന്നു നല്‍കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ സുകൃതവും മോക്ഷവും ജീവകാരുണ്യവുമായി ബന്ധപ്പെടുക എന്നതാണ്. ജീവിതത്തില്‍ നന്മ ചെയ്താല്‍ എന്നെങ്കിലും അതിന് പ്രതിഫലം ലഭിക്കുമെന്നും ജീവകാരുണ്യ രംഗത്ത് മഹത്തരമായ പ്രവര്‍ത്തനങ്ങളാണ് ഗാന്ധിഭവനില്‍ നടക്കുന്നതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
ഒരു നല്ല ബിസിനസുകാരന് എങ്ങനെ ഒരു നല്ല മനുഷ്യസ്നേഹിയാകാം എന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ഗോകുലം ഗോപകുമാറെന്നും അദ്ദേഹം അനുസ്മരിച്ചു. ഡോ. ഗോകുലം ഗോപകുമാറിന്റെ പേരില്‍ ഗാന്ധിഭവന് ഏര്‍പ്പെടുത്തിയ രണ്ടാമത് ജീവകാരുണ്യ പുരസ്കാരം പ്രമുഖ ചിത്രകാരനും പിആര്‍ഡി മുന്‍ ആര്‍ട്ട് ഡയറക്ടറുമായിരുന്ന വര്‍ഗീസ് പുനലൂരിന് പ്രയാര്‍ ഗോപാലകൃഷ്ണന് സമ്മാനിച്ചു.
11,111 രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. ചടങ്ങില്‍ മാധ്യമപ്രവര്ത്തകന് കോട്ടാത്തല ശ്രീകുമാര്‍, പുനലൂര്‍ രാധാമണി, അഭിഭാഷകരായി ഒരേ ദിവസം ഹൈക്കോടതിയില്‍ എൻറോൾ ചെയ്ത് ശ്രദ്ധനേടിയ ജേക്കബ് സി.ജോണ്‍, മകള്‍ ആശിഷ ജേക്കബ് ജോണ്‍, ഇ.എസ് വില്‍സണ്‍ എന്നിവരെ ആദരിച്ചു.
കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന് അധ്യക്ഷത വഹിച്ചു. ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്, നടന് ടി.പി മാധവന്, ഡോ. മേരി അനിത, കരിവെള്ളൂര്‍ ജനാര്ദ്ദനന്, ലൗലി ജനാര്ദ്ദനന്, ഡോ. എന്‍.എസ്. അജയഘോഷ്, അഞ്ചല്‍ കെ. സോദരന്, അന്നമ്മ ജോണ്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.