ന്യൂഡൽഹി: സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. തമിഴ്നാട്ടിലെ മെഡിക്കൽ കോളജുകളിൽ ഒബിസി ക്വാട്ട നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം.
തമിഴ്നാട് സർക്കാരും എഐഎഡിഎംകെ, ഡിഎംകെ, കോണ്ഗ്രസ്, സിപിഎം പാർട്ടികളുമാണു ഹർജിയുമായി കോടതിയെ സമീപിച്ചത്. തമിഴ്നാട്ടിലെ മെഡിക്കൽ കോളജുകളിൽ ഒബിസി വിദ്യാർഥികൾക്കായി സീറ്റുകൾ നീക്കിവയ്ക്കാതെ മൗലികാവകാശ ലംഘനം നടത്തുന്നതായി ഹർജികളിൽ ആരോപിച്ചിരുന്നു.
സംവരണം മൗലികാവകാശമായി കരുതാനാവില്ലെന്നും അതുകൊണ്ട് ക്വാട്ട ആനുകൂല്യങ്ങൾ ലഭിക്കാത്തത് ഭരണഘടനാ ലംഘനമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റീസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
വിവിധ രാഷ്ട്രീയ പാർട്ടികൾ ഒരേ ആവശ്യവുമായി വന്നതിൽ കോടതി സന്തോഷം പ്രകടിപ്പിച്ചു. ഹർജിയിൽ ഇടപെടാൻ കഴിയില്ലെന്നു പറഞ്ഞ കോടതി, ഹർജിക്കാർക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.