ജിബിന്‍ കുര്യന്
കോട്ടയം: കൃത്രിമകാലും കൃത്രിമകൈയുമായി ശാരീരിക വൈകല്യമുള്ളവരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി സമര്‍പ്പിതസേവനം ചെയ്യുകയാണ് കോട്ടയം ആര്‍പ്പൂക്കര സ്വദേശി അനീഷ് മോഹന്‍. 2009 ഒക്ടോബര്‍ 17നാണ് അനീഷ് മോഹന്റെ ജീവിതത്തെ ഉലച്ച ദാരുണ അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രകഴിഞ്ഞു വീട്ടിലേക്കുള്ള അവസാന ബസില്‍ കയറാന്‍ തിരിക്കിട്ടു പോകുംവഴി പാളം മുറിച്ചു കടക്കുന്നതിനിടയില്‍ കാല് തട്ടി പാളത്തിലേക്ക് വീണു.
ഇതേസമയം കടന്നുവന്ന ട്രെയിന്‍ കയറി വലതു കൈയും ഇടതു കാലുമുട്ടിനു താഴെ അനീഷിനു നഷ്ടപ്പെടുകയും ചെയ്തു. ജീവിതം അവസാനിച്ചുവെന്നു പലരും വിധിയെഴുതിയെങ്കിലും കഠിനപ്രയത്നത്താല്‍ നാലാം റാങ്കോടെ പാസായ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിംഗ് ഡിപ്ലോമയും ഇഷ്ടകലയായ ചെണ്ട കൊട്ടും അനീഷിനു കൈവിടേണ്ടി വന്നു. എന്നാല്‍, വിധിക്കു മുമ്പില്‍ ജീവിതം അടിയറവയ്ക്കാന്‍ അനീഷ് തയാറായില്ല.
കൃത്രിമകാലും കൈയും വച്ച് അനീഷ് ജീവിതത്തിലേക്കു തിരികെ നടക്കാന്‍ ഉറച്ച തീരുമാനമെടുത്തു. സ്വകാര്യ കമ്പനിയില്‍ ജോലിക്കു കയറിയ അനീഷ് ഇതിന്റെ ഭാഗമായി ദിവസവും നാലഞ്ചു കിലോമീറ്റര്‍ നടന്നുതുടങ്ങി. ഉറച്ച തീരുമാനത്തില്‍ ശബരിമലയും അനീഷ് നടന്നു കയറി. യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സൈക്കിള്‍ കയറ്റം പരിശീലിച്ചു. പിന്നീട് സ്കൂട്ടറിലേക്കും കാറിലേക്കും യാത്രമാറ്റി. മെഡിക്കല്‍ ബോര്‍ഡി ന്റെ സര്‍ട്ടിഫിക്കറ്റോടെ മോഡിഫിക്കേഷന് ഇല്ലാത്ത കാര്‍ ഉപയോഗി ക്കാനുള്ള ലൈസന്‍സ് സമ്പാദി ച്ചു. ജോലിക്കിടയില്‍ പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച അനീഷ് എം ജി യൂണിവേഴ്സിറ്റിയില്‍നിന്നു കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായി.
ഇതിനിടയിലാണു വൈകല്യം സംഭവിച്ചവര്ക്കുവേണ്ടി കോട്ടയം കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പേഴ്സന്‍ സെന്‍ട്രല്‍ അപ്രോച്ച് ഇന്‍ ഇന്ത്യ (ഐപിസിഎഐ, ഇഫ്കായി) എന്ന സ്ഥാപനത്തേക്കുറിച്ചു കേട്ടറിയുന്നത്. സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന മാത്യു കണമലയു മായി പരിചയപ്പെട്ടു. ഇവിടുത്തെ പ്രത്യേക കോഴ്സിലൂടെയും വ്യ ക്തി കേന്ദ്രീകൃത ഇടപെടലിലൂടെയും കുറവിനേക്കാള്‍ കൂടുതല്‍ കഴിവുകള്‍ എന്ന നിലയിലേക്ക് അനീഷ് എത്തിച്ചേര്‍ന്നു. ഇവിടെ അനീഷ് മറ്റുള്ളവര്‍ക്ക് തന്റെ കഴിവ് ഉപയോഗിച്ച് പരിശീലനം നല്കാന് തു ടങ്ങി. ഇതിനിടയില്‍ പേഴ്സണ്‍ സെന്‍ട്രല്‍ അപ്രോച്ച് എന്ന ഓണ്‍ലൈന്‍ കോഴ്സും പാസായി. മോട്ടിവേഷന്‍, പേഴ്സ ണാലിറ്റി ഡെവലപ്പ്മെന്റ് തുടങ്ങി യ വിഷയങ്ങളില്‍ ഇപ്പോള്‍ വിവിധ കോളജുകളിലും സ്കൂളുകളിലുമാ യി ആയിരത്തിലധികം ക്ലാസുകള്‍ അനീഷ് നടത്തി കഴിഞ്ഞു.
ഭിന്നശേഷിക്കാരുടെയും വികലാംഗരുടെയും വിവിധ വിഷയങ്ങള്‍ സര്‍ക്കാരിന്റെയും അധികാരികളുടെയും മുന്നിലെത്തിക്കാനും അനീഷിനു കഴിഞ്ഞു. അഭയം തേടിയെത്തിയ കഞ്ഞിക്കുഴിയിലെ ഇഫ്കായി എന്ന സംഘടനയുടെ ഇപ്പോഴത്തെ നാഷണല്‍ കോ–ഓര്‍ഡിനേറ്ററായ അനീഷ് നടത്തിയ ശ്രമഫലമായാണ് ഭിന്നശേഷിയുള്ളവര്‍ക്കായി മോട്ടോര്‍ വാഹനവകുപ്പ് പൊതുനിരത്തുകളില്‍ പ്രത്യേക വാഹന പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത്. ഭിന്നശേഷിയുള്ളവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വാഹന പാര്‍ക്കിംഗ് എന്ന ഉത്തരവും അനീഷിന്റെ ശ്രമഫലമായാണ്. അനീഷിന്റെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി സമൂഹ്യനീതി വകുപ്പ് 2014ല്‍ മികച്ച ഭിന്നശേഷി വിഭാഗം പരിശീലകനുള്ള അവാര്‍ഡ് സമ്മാനിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് വോട്ടിംഗ് ശതമാനം ഉയര്‍ത്തുന്നതിനായുള്ള സ്വീപ്പ് പ്രവര്‍ത്തനങ്ങളുടെ ജില്ലാ അംബാസിഡറായും അനീഷിനെയാണ് ജില്ലാ ഭരണകൂടം തെരഞ്ഞെടുത്തത്. ഇഫ്കായി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ളവരും സാമൂഹികമായി പിന്നോക്കം നില്ക്കുന്നവരുമായി 25 കുട്ടികളുടെ അഞ്ചു വര്‍ഷത്തെ പഠനച്ചെലവ് ഏറ്റെടുക്കുന്ന ടീന്‍ ഇഫ്കായി എന്ന പ്രവര്‍ത്തനം ഈ വര്‍ഷം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അനീഷ്. ഒപ്പം കോട്ടയത്തെ ഭിന്നശേഷി സൗഹൃദ നഗരമാക്കി മാറ്റാനുമുള്ള ശ്രമത്തിലാണ്. അച്ഛന് മോഹനനും അമ്മ വത്സമ്മയും ഏക സഹോദരന് എക്സൈസ് ഓഫീസര്‍ കൂടിയായ അരുണുമാണ് അനീഷിന്റെ പ്രവര്‍ത്തനങ്ങളുടെ ശക്തി.