കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് പ്രഖ്യാപിച്ച തൃക്കാക്കര എംഎല്‍എ പി.ടി തോമസിനെ അപായപ്പെടുത്താന്‍ ശ്രമം. അദ്ദേഹം സഞ്ചരിച്ചു കൊണ്ടിരുന്ന ഇന്നോവ കാറിന്റെ നാലു ടയറുകളുടേയും നട്ടുകള്‍ ഇളക്കിയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. തല നാരിഴയ്ക്കാണ് എംഎല്‍എ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആറരോടെയായിരുന്നു സംഭവം. വഴിയാത്രക്കാരാണ് കാറിന്റെ ടയര്‍ ഇളകിയിരിക്കുന്നതു ശ്രദ്ധിയില്‍പ്പെടുത്തിയത്. ഉടന്‍ തന്നെ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോള്‍ നാല് ടയറുകളുടെയും നട്ടുകള്‍ ഇളകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇതേതുടര്‍ന്ന് ഇന്ന് ഉച്ചതിരിഞ്ഞ് പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലെത്തി എംഎല്‍എ പരാതി നല്‍കിയതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്. അപായപ്പെടുത്താന്‍ ശ്രമമെന്ന നിലയിലാണ് അദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസം മുന്‍പ് ടൊയോറ്റയില്‍ സര്‍വീസ് നടത്തിയ കാറാണിത്. സര്‍വീസ് സെന്ററിലെ ജീവനക്കാരെത്തി പരിശോധിച്ചപ്പോള്‍ ബോധപൂര്‍വം നട്ടുകള്‍ ഇളക്കിയതാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് പി.ടി തോമസ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്നു. നടിക്കെതിരായ ആക്രമണം ഡിജിപിയെ വിളിച്ചറിയിച്ചതും പി.ടി തോമസായിരുന്നു. നടി ഡിജിപിയോട് സംസാരിച്ചതും അദ്ദേഹത്തിന്റെ ഫോണില്‍ നിന്നുമായിരുന്നു. കേസിന്റെ ഒരുഘട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു. കേസിലെ പ്രധാനസാക്ഷിയായ പിടി തോമസിന്റെ മൊഴിയെടുക്കാന്‍ വൈകിയതും ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ കേസുമായി സംഭവത്തിനു ബന്ധമുണ്ടോയെന്നാണ് സംശയം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.