ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രീവെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകളുടെ ചിത്രങ്ങൾ വൈറലാകാറുണ്ട്. ട്രെൻഡിനൊപ്പം വിവാഹത്തിന് മുൻപുള്ള തങ്ങളുടെ നിമിഷങ്ങൾ ചിത്രീകരിക്കാൻ യുവതീ യുവാക്കൾ മത്സരിക്കുകയാണ്. എന്നാൽ ചില ഫോട്ടോഷൂട്ടുൾ വിവാദങ്ങൾ സൃഷ്ടിച്ചും വാർത്തയിൽ ഇടംപിടിക്കാറുണ്ട്.
മറ്റ് ചിലരാകട്ടെ വളരെ സാഹസികമായ സ്ഥലത്ത് അപകടരമായ ഫോട്ടോഷൂട്ട് നടത്തി ദുരന്തങ്ങൾ ഏറ്റുവാങ്ങാറുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഗംഗാ നദിയിലും അടുത്തിടെ നടന്നത്. ഡൽഹിയിൽ നിന്നും എത്തിയ ദമ്പതികളെ കാത്തിരുന്നതും ഒരു ദുരന്തമായിരുന്നു.
മനസ് ഖേദയുയും അഞ്ജലി അനീജയും ഗംഗാ നദിയിലാണ് പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ട് തീരുമാനിച്ചത്. എന്നാൽ ഷൂട്ടിനായെത്തിയ ഇവരെ കാത്തിരുന്നത് ദുരന്തമായിരുന്നു. ചിത്രങ്ങളെടുക്കാനായി ഇരുവരും ഋഷികേശിൽ ഗംഗയിലിറങ്ങിയപ്പോൾ അവിടെ ജലനിരപ്പ് താരതമ്യേന കുറഞ്ഞ നിലയിലായിരുന്നു. എന്നാൽ അല്പ സമയത്തിനകം ശക്തമായ ഒഴുക്കിൽ ദമ്പതികൾ അകപ്പെട്ടു. പിന്നാലെ ഇരുവരും ഗംഗയിൽ മുങ്ങിപ്പോയി. ജലനിരപ്പ് കൂടിയതോടെ കാര്യം കൈവിട്ടുപോവുകയായിരുന്നു.
തുടർന്ന് രക്ഷാപ്രവർത്തനത്തിലൂടെ ദമ്പതികളെ പുറത്തെടുത്തപ്പോൾ ദമ്പതികൾ അബോധാവസ്ഥയിലായിരുന്നു. പിന്നാലെ ഇവർക്ക് പ്രാഥമിക പരിചരണം നൽകുകയും അടുത്തുള്ള ആശുപത്രിയിലേക്ക് ഇവരെ എത്തിക്കുകയും ചെയ്തു. വെള്ളത്തിൽ നിന്നും രക്ഷിക്കുമ്പോൾ സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഇരുവരും.