തൃപ്പൂണിത്തുറ: യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റിൽ. ഉദയംപേരൂര്‍ ആമേട അമ്പലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന ചങ്ങനാശേരി ഇത്തിത്താനം മലകുന്നം കൊല്ലമറ്റത്തില്‍ പ്രേംനിവാസില്‍ പ്രേംകുമാര്‍ (40), ഇയാളുടെ കാമുകി തിരുവനന്തപുരം വെള്ളറട വാലന്‍വിള വീട്ടില്‍ സുനിതാ ബേബി (39) എന്നിവരാണ് പിടിയിലായത്.
പ്രേംകുമാറിന്റെ രണ്ടാം ഭാര്യ ചേര്‍ത്തല സ്വദേശി വിദ്യ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് ഭാര്യയെ കാണാനില്ല എന്ന പരാതി പ്രേംകുമാര്‍ ഉദയംപേരൂര്‍ സ്റ്റേഷനില്‍ നല്‍കിയിരുന്നു. കാമുകിയുമായി ഒന്നിച്ചു താമസിക്കാനാണ് ഇയാള്‍ രണ്ടാം ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെയാണ് പ്രതികള്‍ വിദ്യയെ കൊലപ്പെടുത്തിയത്. 20ന് പ്രേംകുമാര്‍ വിദ്യയുമായി തിരുവനന്തപുരത്ത് പേയാട് ഇയാള്‍ വാടകയ്ക്കെടുത്ത വില്ലയില്‍ എത്തി. കാമുകി സുനിതയുമായി ഈ വില്ലയില്‍ ഇയാള്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു.
പ്രേംകുമാറിന്റെ അസുഖത്തിനു തിരുവനന്തപുരത്ത് പോയി ആയുര്‍വേദ ചികിത്സ നടത്താമെന്നു പറഞ്ഞാണ് വിദ്യയെ ഇവിടെയെത്തിച്ചത്. സുനിതയും ഇവര്‍ വരുന്നതിനായി ഇവിടെ കാത്തിരിപ്പുണ്ടായിരുന്നു. ദമ്പതികള്‍ ആദ്യം മദ്യപിച്ചു. അതിനുശേഷം വിദ്യക്ക് പ്രേകുമാര്‍ കൂടുതല്‍ മദ്യം നല്കി അബോധാവസ്ഥയിലാക്കി.
തുടര്‍ന്ന് 21ന് പുലര്‍ച്ചെ രണ്ടോടെ സുനിതയും പ്രേംകുമാറും ചേര്‍ന്ന് വിദ്യയുടെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം അന്നു രാത്രി ആ വീട്ടില്‍ സൂക്ഷിച്ചു. പിറ്റേന്ന് പുലര്‍ച്ചെ പ്രേംകുമാറിന്റെ കാറിലെ പിന്‍സീറ്റില്‍ കിടത്തിയശേഷം ഇരുവരും ചേര്‍ന്ന് തിരുനെല്വേലിയിലേക്കു കൊണ്ടുപോയി. അവിടെ ഹൈവേയോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ മൃതദേഹം ഉപേക്ഷിച്ചശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
വിദ്യയുടെ മൊബൈല്‍ ഫോണ്‍ നേത്രാവതി എക്സ്പ്രസിലെ ബാത്ത്റൂമിലെ വെയ്സ്റ്റ് ബിന്നില്‍ ഒളിപ്പിക്കുകയും ചെയ്തു. നാട്ടില്‍ തിരിച്ചെത്തിയ പ്രേംകുമാര്‍ സെപ്റ്റംബര്‍ 23ന് ഉദയംപേരൂര്‍ പോലീസ് സ്റ്റേഷനില്‍ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ മംഗലാപുരത്താണ് കാണിച്ചത്.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ സുനിത തന്റെ ഭര്‍ത്താവിനടുത്തേക്കു മടങ്ങിപ്പോകാന്‍ ഒരുങ്ങുന്നതായി സൂചന ലഭിച്ച പ്രേംകുമാര്‍ തന്നെയാണ് കൊലപാതകവിവരം പോലീസില്‍ അറിയിച്ചത്. തിരുവനന്തപുരത്തു നിന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിനിടെ തിരുനെല്‍വേലിയില്‍ നിന്നും അനാഥമൃതദേഹം ലഭിച്ചതുമായി ബന്ധപ്പെട്ട് തിരുനെല്‍വേലി പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അനാഥമൃതദേഹമെന്ന നിലയില്‍ തിരുനെല്‍വേലി പോലീസ് മൃതദേഹം സംസ്കരിച്ചു. ഫോട്ടോയില്‍ നിന്നാണ് വിദ്യയെ പ്രേംകുമാര്‍ തിരിച്ചറിഞ്ഞത്.
അന്വേഷണ സംഘത്തില്‍ ഡിസിപി ജി.പൂങ്കുഴലി, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ വിശ്വനാഥന്, ഉദയംപേരൂര്‍ സിഐ കെ.ബാലൻ, എസ്ഐമാരായ ബാബു മാത്യു, മധുസൂദനൻ, വനിത എസ്ഐ പ്രസന്ന പൗലോസ്, എഎസ്ഐ കെ.ബി ബിനു,രാജീവ്, റോബര്‍ട്ട്, ദിലീപ്, എസ് സിപിഒ ജോസ്, എം.ജി.സന്തോഷ്, സിപിഒ സജിത് പോൾ, വനിതാ സിപിഒ ദീപ എന്നിവര്‍ ഉണ്ടായിരുന്നു.
കൊച്ചി സിറ്റി സൈബര്‍ പോലീസിന്റെയും തിരുവനന്തപുരം ക്രൈംസ്ക്വാഡിന്റെയും, സൈബര്‍ സെല്ലിന്റെയും, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ക്രൈംസ്ക്വാഡിന്റെയും സഹായത്താലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.