സീമ മോഹൻലാൽ
കൊച്ചി: ഉദയംപേരൂർ വിദ്യ കൊലക്കേസിലെ പ്രതിയായ ചങ്ങനാശേരി ഇത്തിത്താനം മലകുന്നം കൊല്ലമറ്റത്തിൽ പ്രേംനിവാസിൽ പ്രേംകുമാറിനെ കുടുക്കിയത് ഉദയംപേരൂർ സിഐ കെ.ബാലന്റെ അധ്യാപക ബുദ്ധി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ മികവാണ് ഈ കേസ് അന്വേഷണത്തിലൂടെ വ്യക്തമായത്.
പത്തുവർഷക്കാലം കൊല്ലത്തെ ട്യൂട്ടോറിയൽ കോളജിൽ കെമിസ്ട്രി അധ്യാപകനായി ജോലി ചെയ്തിരുന്ന ബാലൻ വിദ്യാർഥികളെ നിരീക്ഷിക്കുന്നതുപോലെ ആദ്യം മുതൽ ഒന്നാം പ്രതി പ്രേംകുമാറിനെ സസൂക്ഷ്മം വീക്ഷിച്ചിരുന്നു.പ്രേംകുമാറിന്റെ ഭാര്യയും ചേർത്തല സ്വദേശി വിദ്യ (48) യെയാണ് ഇയാളും കാമുകി തിരുവനന്തപുരം വെള്ളറട വാലൻവിള സുനിതാ ബേബി (39)യും ചേർന്ന് കൊലപ്പെടുത്തിയത്.
ആദ്യ പരാതിയുമായി എത്തിയത് ഓഗസ്റ്റിൽ
പ്രേംകുമാർ തന്റെ ആദ്യപരാതിയുമായി സിഐ ബാലനെ കാണാൻ ഉദയംപേരൂർ സ്റ്റേഷനിൽ എത്തിയത് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു. വിദ്യയുടെ ആദ്യ ബന്ധത്തിലുള്ള മകളുടെ വിവാഹത്തിന് ബന്ധുക്കൾ പ്രേംകുമാറിനെ പങ്കെടുപ്പിക്കുന്നില്ലെന്നായിരുന്നു ഇയാളുടെ പരാതി.
നാലഞ്ചു പേജിൽ തയാറാക്കിയ പരാതിയിൽ ഭാര്യയുടെ കുറ്റം അക്കമിട്ട് നിരത്തിയിരുന്നു. എന്നാൽ നിങ്ങളൊരു പുരുഷനല്ലേ, ഭാര്യയെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാമോ ’ എന്ന് സിഐ ബാലൻ അയാളെ ഉപദേശിച്ചാണ് അന്ന് മടക്കിയയച്ചത്. ഇത് കൊലപാതകത്തിനുള്ള ഒരുക്കമായിരുന്നുവോയെന്ന് സംശയിക്കേണ്ടിയിരിക്കുവെന്ന് സിഐ ബാലൻ പറയുന്നു.
തുടർന്ന് സിഐ ബാലൻ ഉദയംപേരൂർ പരിസരങ്ങളിലെല്ലാം പട്രോളിംഗിന് പോകുന്ന സമയത്ത് പ്രേംകുമാർ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്ന് വിശേഷങ്ങൾ ചോദിക്കുന്ന പതിവുണ്ടായിരുന്നു. ഇതെല്ലാം സിഐ സശ്രദ്ധം നിരീക്ഷിച്ചിരുന്നു. തുടർന്നാണ് സെപ്റ്റംബർ 23-ന് ഭാര്യ വിദ്യയെ കാണാനില്ലെന്നു കാണിച്ച് ഇയാൾ ഉദയംപേരൂർ പോലീസിൽ പരാതി നൽകുന്നത്. പരാതി നൽകിയ ദിവസം സിഐ സ്റ്റേഷനിൽ ഇല്ലായിരുന്നു.
ഉദയംപേരൂർ പള്ളിയിലെ യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കവുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലായിരുന്നു അദ്ദേഹം. സ്റ്റേഷനിൽ നിന്ന് ഇത്തരത്തിലുള്ള ഒരു പരാതിയുണ്ടെന്ന് പറഞ്ഞ് വിളിച്ചപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ സിഐ നിർദേശിക്കുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ പരാതിയെക്കുറിച്ച് അദ്ദേഹം നേരിട്ട് അന്വേഷണം ആരംഭിച്ചു.
എന്നാൽ പല തവണ വിളിപ്പിച്ചിട്ടും പരാതിക്കാരനായ പ്രേംകുമാർ സിഐയ്ക്കു മുന്നിൽ ഹാജരായില്ല. താൻ ഹൈദരാബാദിലും തിരുവനന്തപുരത്തുമൊക്കെയാണെന്ന് ഇയാൾ പറഞ്ഞ് പോലീസുകാരെ പ്രതിസന്ധിയിലാക്കി. അപ്പോൾ തന്നെ സ്ഥിതികൾ ഏറെക്കുറെ സിഐ ബാലന് വ്യക്തമായിരുന്നു. സ്ത്രീയെ കാണാനില്ലാത്ത കേസ് ആയതിനാൽ പരാതിക്കാരൻ നേരിട്ട് ഹാജരായി മൊഴിനൽകാൻ സിഐ ബാലൻ ആവശ്യപ്പെട്ടെങ്കിലും പ്രേംകുമാർ എത്തിയില്ല.
തുടർന്ന് അയാൾ പോലീസ് തന്നെ മാനസികമായി ദ്രോഹിക്കുന്നുവെന്ന് കാണിച്ച് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസ് പരിഗണിച്ച ഹൈക്കോടതി ഉദയംപേരൂർ പോലീസിനോട് വിശദീകരണം തേടി. പ്രേംകുമാറിനെതിരെ കേസില്ല, ഇയാൾ വാദിയുമാണ്.
ഇക്കാരണത്താൽ ഇയാൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതിയിൽ അറിയിച്ചു. ഇതോടെ മുൻകൂർ ജാമ്യം എന്ന പ്രേംകുമാറിന്റെ നീക്കം പൊളിഞ്ഞു. കാണാതായ സ്ത്രീയെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇയാളുടെ വീട്ടിൽ സെപ്റ്റിക് ടാങ്ക് പൊളിച്ച് പോലീസ് അന്വേഷണം നടത്തി. തുടർന്ന് ഇയാൾ പോലീസ് മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് കാണിച്ച് കൊച്ചി റേഞ്ച് ഐജിക്ക് പരാതി നൽകി.
ഇതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സിഐ ബാലനെ വിളിച്ച് കാര്യം തിരക്കിയപ്പോൾ ഭാര്യയെ കാണാനില്ലെന്ന പരാതി നൽകിയിട്ട് ഒരിക്കൽ പോലും ഇയാൾ സ്റ്റേഷനിൽ ഹാജരായിട്ടില്ലെന്ന വിവരം പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
തുടർന്ന് പോലീസ് സംഘം ഇയാളുടെ ഓരോ നീക്കങ്ങളും വീക്ഷിക്കുകയായിരുന്നു. ഇയാൾ താമസിച്ചിരുന്ന ഉദയംപേരൂരിലെ വാടകവീട് ഒഴിയാൻ അനുവദിക്കരുതെന്ന വിവരം വീട്ടുടമയെ അറിയിച്ചു. കൊച്ചി സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ ഓരോ ഫോണ്കോളുകളും പോലീസ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു.
“ഞാൻ കൊന്നതാ’ വാട്സ്ആപ്പ് സന്ദേശം
ഒടുവിൽ പ്രേംകുമാർ തന്നെ പോലീസ് ഉദ്യോഗസ്ഥന് വാട്സ്ആപ്പ് സന്ദേശം അയച്ചു. വിദ്യയെ കാണാതായതല്ലെന്നും താൻ കൊന്നതാണെന്നും’ ആയിരുന്നു സന്ദേശം. ഈ മാസം ആറിനായിരുന്നു ഈ സന്ദേശം എത്തിയത്. എന്നിട്ടും അയാൾ കീഴടങ്ങാൻ തയാറായിരുന്നില്ല. സന്ദേശം എത്തിയ ഉടൻതന്നെ സിഐ ബാലനും സംഘവും ഇയാളുടെ ഫോണിന്റെ ടവർ ലൊക്കേഷൻ കണ്ടെത്തി.
പോലീസ് സംഘം അവിടെയ്ക്ക് യാത്ര തിരിച്ചു. കളിയിക്കാവിള ലൊക്കേഷൻ കാണിച്ച ആ നന്പറിൽ വിളിച്ചപ്പോൾ അത് സ്വിച്ച്ഓഫ് ആയിരുന്നു. തുടർന്ന് കോൾ ഡീറ്റെയിൽസ് എടുത്ത് ആ നന്പറിലേക്ക് അവസാനം വിളിച്ച കളിയിക്കാവിള സ്വദേശിയായ ഇയാളുടെ സുഹൃത്തിനെ പോലീസ് വിളിച്ചു. അയാൾ കൊടുത്ത പ്രേംകുമാറിന്റെ പുതിയ നന്പർ കരമന ലൊക്കേഷനാണ് കാണിച്ചത്. തന്പാനൂരും തൈക്കാട് മോഡൽ ഹൈസ്കൂളും പിന്നിട്ട് നാലാഞ്ചിറയിലായിരുന്നു ഒടുവിൽ ആ ലൊക്കേഷൻ.
അങ്ങനെ നാലാഞ്ചിറയിലെ ഓർഫനേജിൽ വച്ചാണ് സിഐ ബാലനും സംഘവും ഇയാളെ കസ്റ്റഡിയിലെടുത്ത് ഉദയംപേരൂരിലേക്ക് കൊണ്ടുവന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കാമുകിയും നഴ്സുമായ സുനിത ബേബിയുടെ പങ്കിനെക്കുറിച്ച് ഇയാൾ വെളിപ്പെടുത്തി. തുടർന്നാണ് തിരുവനന്തപുരത്തുനിന്ന് ഇവരെ അറസ്റ്റു ചെയ്തത്. കാമുകിയുമായി താമസിക്കാനാണ് ഭാര്യയെക്കൊന്നതെന്ന് ഇയാൾ പറഞ്ഞിരുന്നു. എന്നാൽ മക്കളുടെ സംരക്ഷണയെക്കുറിച്ചുള്ള തർക്കം വന്നു.
ഇതിനിടിയൽ സുനിത ഹൈദരാബാദിലുള്ള ഭർത്താവിന്റെയും മൂന്നു മക്കളുടെയും അടുത്തേക്ക് പോകുമെന്ന വിശ്വാസത്തിൽ കുറ്റം സുനിതയിൽ ചുമത്തി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. ബംഗലൂരുവിൽ നിന്ന് ബഹറ്നിലേക്ക് പോകാനുള്ള ടിക്കറ്റ് എടുത്തിരുന്നുവെന്ന് സിഐ ബാലൻ പറഞ്ഞു. എന്നാൽ മകനെ ഓർഫനേജിൽ ആക്കുന്നതിലുണ്ടായ കാലതാമസമാണ് യാത്ര വൈകിപ്പിക്കാൻ ഇടയാക്കിയത്. എന്നാൽ സിഐ ബാലനും വലവിരിച്ച് ഇയാളുടെ പിന്നാലെയുണ്ടെന്ന കാര്യം പ്രേംകുമാർ അറിയാൻ വൈകിയെന്നു മാത്രം.
ടീം വർക്കിന്റെ വിജയം
സിഐ കെ. ബാലനൊപ്പം ഉദയംപേരൂർ പോലീസ് സ്റ്റേഷനിലെയും പ്രഗത്ഭരായ ഒരു കൂട്ടം ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് പ്രതികളെ പിടികൂടാനായത്. മാസങ്ങളായി കേസ് അന്വേഷണത്തിലായിരുന്ന ആ ടീം വർക്ക് പ്രശംസനീയം തന്നെയാണ്. വനിത എസ്ഐ പ്രസന്ന പൗലോസ്, എസ്ഐ മധുസൂദനൻ, എഎസ്ഐ കെ.ബി ബിനു, സീനിയർ സിപിഒമാരായ സന്തോഷ് എം.ജി, സി.വി ജോസ്, സിപിഒ സജിത് പോൾ , കൊച്ചി സൈബർ സെല്ലിലെ രാഹുൽ, മഹാദേവ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇതിൽ പല ഉദ്യോഗസ്ഥരും മുന്പ് മികച്ച കേസ് അന്വേഷണ പാടവമുള്ളവർ തന്നെയാണ്.