സീമ മോഹൻലാൽ
കൊച്ചി: ഭർത്താവും കാമുകിയും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട വിദ്യയുടെ മൃതദേഹം വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിക്കാനും പ്രതികൾ ശ്രമിച്ചു. വിദ്യയുടെ രണ്ടാം ഭർത്താവ് പ്രേംകുമാറിന്റെ നിർദേശപ്രകാരമായിരുന്നു ഈ ശ്രമം.
ഇതിനായി തിരുവനന്തപുരത്തെ ആശുപത്രിയിൽ നഴ്സിംഗ് സൂപ്രണ്ടായിരുന്ന രണ്ടാം പ്രതി സുനിത ബേബി ആശുപത്രിയിൽ നിന്ന് സർജിക്കൽ ബ്ലേഡ് കൈയിൽ കരുതിയിരുന്നു. കൊലപാതകത്തിനു ശേഷം വിദ്യയുടെ കാലിൽ സുനിത ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞു. മുറിവുണ്ടായ ഭാഗത്തുനിന്ന് രക്തം അമിതമായി പ്രവഹിക്കുന്നതു കണ്ട് ഇരുവരും ഭയപ്പെട്ടു. തുടർന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹം വെട്ടി നുറുക്കി എവിടെയെങ്കിലും നിക്ഷേപിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇവർ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിനായി ഉപയോഗിച്ച സർജിക്കൽ ബ്ലേഡ് പോലീസിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രേംകുമാറിന്റെ ഭാര്യ ചേർത്തല സ്വദേശി വിദ്യ (48) യാണു കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഉദയംപേരൂർ ആമേട അന്പലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന ചങ്ങനാശേരി ഇത്തിത്താനം മലകുന്നം കൊല്ലമറ്റത്തിൽ പ്രേംനിവാസിൽ പ്രേംകുമാർ (40), കാമുകി തിരുവനന്തപുരം വെള്ളറട വാലൻവിള സുനിതാ ബേബി (39) എന്നിവരെ കഴിഞ്ഞ ദിവസം ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും. മൃതദേഹം വെട്ടിനുറുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പ്രതികൾ ഇരുവരും സഹപാഠിയുടെ സഹായം തേടിയത്.
ക്രിമിനൽ പശ്ചാത്തലമുള്ള തിരുവനന്തപുരം സ്വദേശിയായ അയാളുടെ നിർദേശപ്രകാരമാണ് മൃതദേഹം തിരുനെൽവേലിയിൽ ഹൈവേയോടു ചേർന്നുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത്. പ്രേംകുമാറിന്റെ സാൻമാർഗിക വശങ്ങളെക്കുറിച്ച് പോലീസ് കൂടുതലായി അന്വേഷണം നടത്തുന്നുണ്ട്.
തന്നേക്കാൾ പ്രായക്കൂടുതലുള്ള സ്ത്രീകളോട് ഇയാൾക്ക് ആസക്തി കൂടുതലായി ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ മറ്റേതെങ്കിലും സ്ത്രീകൾ ഇയാളുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രേംകുമാറുമായുള്ള ബന്ധത്തിലുള്ള മകളുടെ കാര്യത്തിൽ വിദ്യക്ക് ഭയം ഉണ്ടായതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തേവര കസബ പോലീസ് സ്റ്റേഷനിൽ പ്രേംകുമാറിനെതിരേ മുൻപ് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യാർഡ് ക്ലബിലെ തിരിമറിയുമായി ബന്ധപ്പെട്ടതായിരുന്നു അത്. തേവരയിൽ താമസിച്ചിരുന്ന ഇവർ ഇതിനെത്തുടർന്നാണ് ഉദയംപേരൂരിലേക്ക് താമസം മാറ്റിയത്.
മൃതദേഹം കൊണ്ടുപോയ പ്രേംകുമാറിന്റെ ഷെവർലെ ബീറ്റ് കാർ തിരുവനന്തപുരത്തെ ഒരു സെക്കൻഡ് ഹാൻഡ് ഷോപ്പിൽ ഇയാൾ വിൽക്കുകയുണ്ടായി. ഈ കാർ കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഇന്ന് കസ്റ്റഡിയിൽ ലഭിക്കുന്നതോടെ കൊലപാതകത്തെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.