ശ്രീഹരിക്കോട്ട: സൂര്യന്റെ ഏറ്റവും പുറത്തുള്ളതും ചൂടേറിയതുമായ സോളാർ കൊറോണയെക്കുറിച്ചു പഠിക്കുന്നതിനുള്ള പ്രോബ-3 (PROBA-3 ) ഉപഗ്രഹങ്ങളുടെ വിക്ഷേപണം നാളെ വൈകുന്നേരം 4.06 ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശാകേന്ദ്രത്തിൽ നടക്കുമെന്ന് ഐഎസ്ആർഒ. ഏകദേശം 550 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി)-സി- 59 ഭ്രമണപഥത്തിൽ എത്തിക്കും.
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ “ഇൻ-ഓർബിറ്റ് ഡെമോൺസ്ട്രേഷൻ ദൗത്യം’ ആണ് പ്രോബ-3. ലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് ദൗത്യമാണിത്. ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്കു കൊണ്ടുപോകാൻ സഹായിക്കുന്ന വിക്ഷേപണവാഹനമാണ് പിഎസ്എൽവി. ലിക്വിഡ് സ്റ്റേജുകളുള്ള ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ് ഈ ലോഞ്ച് വെഹിക്കിൾ.1994 ഒക്ടോബറിൽ ആദ്യത്തെ പിഎസ്എൽവി വിജയകരമായി വിക്ഷേപിച്ചു.