താരനിര കൊണ്ടും വ്യത്യസ്തമായ പ്രമേയം കൊണ്ടും ശ്രദ്ധേയമായ ചിത്രമായിരുന്നു കഭി അൽവിദാ നാ കെഹനാ.
കരൺ ജോഹർ ഒരുക്കിയ ചിത്രത്തിൽ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഷാരൂഖ് ഖാൻ, റാണി മുഖർജി, പ്രീതി സിന്റ തുടങ്ങി വൻ താരനിര തന്നെ അണിനിരന്നു.
കുടുംബബന്ധത്തിലെ പാളിച്ചകളെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമാണ് ചിത്രം പറഞ്ഞത്.
ഇപ്പോഴിതാ, ചിത്രമിറങ്ങി 15 വർഷം കഴിയുമ്പോൾ, പഴയ ഓർമകൾ പങ്കുവയ്ക്കുകയാണ് ഷാരൂഖിന്റെ ഭാര്യാവേഷത്തിലെത്തിയ പ്രീതി സിന്റ.
കരണ്‍ തന്നോട് ആദ്യമായി ഈ സ്ക്രിപ്റ്റിനെക്കുറിച്ച് പറഞ്ഞത് “ഡാര്‍ലിംഗ്, ഈ സിനിമ ശ്രദ്ധിക്കപ്പെട്ടാല്‍ വിവാഹ മോചനങ്ങള്‍ നടക്കും’ എന്നായിരുന്നുവെന്ന് നടി പറഞ്ഞു.
ഇത് അദ്ദേഹത്തിന്റെ ഒരു തമാശയാണെന്ന് കരുതി അന്ന് എല്ലാവരും ചിരിച്ചുവെന്നും എന്നാല്‍ അത് തമാശയല്ലായിരുന്നുവെന്നും പ്രീതി കൂട്ടിച്ചേർത്തു.
‘വിവാഹത്തിന്റെയും ജീവിതത്തിന്റെയും സങ്കീര്‍ണതകള്‍ കരണ്‍ കൈകാര്യം ചെയ്ത രീതി എന്നെ അതിശയിപ്പിച്ചു.
എനിക്ക് സങ്കല്പിക്കാവുന്നതിലും കൂടുതല്‍ വഴികളില്‍ അത് ശരിക്കും എന്നെ ഇളക്കിമറിച്ചു.
ഈ അത്ഭുതകരമായ സിനിമയുടെ ഭാഗമായതില്‍ ഞാന്‍ വളരെ നന്ദിയുള്ളവളാണ്. ചില സീനുകള്‍ ചെയ്യുന്ന സമയത്ത് ഞാന്‍ എ ത്രമാത്രം പരിഭ്രാന്തിയിലായിരുന്നു എന്നത് ഒരിക്കലും മറക്കാന്‍ കഴിയില്ല.
അത് ശരിക്കും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.’- പ്രീതി സിന്റ പറയുന്നു.