കൊച്ചി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിക്കെതിരെ സമരം ചെയ്ത മൂന്ന് പേർ കസ്റ്റഡിയിൽ. പി.ജെ. മാനുവൽ, വി.സി. ജെന്നി, ഷൈജു കണ്ണൻ എന്നിവരെയാണ് കളമശേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. വ്യാഴാഴ്ച രാത്രിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
ജപ്തി നടപടികൾ തടഞ്ഞ് സമരം നടത്തിയവരെകുറിച്ച് അറിയുന്നതിനായാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്നാണ് വിവരം. മൂന്നു പേരെയും ചോദ്യം ചെയ്തുവരികയാണ്. ജപ്തി നടപടികൾക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നടപടികൾ നിറുത്തിവച്ചിരുന്നു. സർക്കാരിന്റെ ഈ നടപടിയെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു.
പ്രീത ഷാജിയുടെ 18.5 സെന്റ് വരുന്ന കിടപ്പാടം ജപ്തി ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതേതുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രീത ഷാജിയുടെ കുടുംബം ഒരു സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പ എടുക്കാനാണ് വസ്തു ജാമ്യം കൊടുത്തതായിരുന്നു.
വായ്പാത്തിരിച്ചടവ് മുടങ്ങി കടം രണ്ടരക്കോടിയോളമായതോടെയാണ് ബാങ്ക് ജപ്തി നടപടിക്ക് ഒരുങ്ങിയത്. പിന്നീട് ഡെറ്റ് റിക്കവറി ട്രൈബ്യൂണൽ 37.5 ലക്ഷം രൂപയ്ക്ക് ഭൂമി ലേലത്തിൽ വിറ്റു നൽകി. എന്നാൽ ഭൂമി ഒഴിഞ്ഞു കൊടുക്കാൻ പ്രീത ഷാജിയും കുടുംബവും തയാറായില്ല. തുടർന്നാണ് ഭൂമി ലേലത്തിൽ വാങ്ങിയ വ്യക്തി ഹൈക്കോടതിയെ സമീപിച്ചത്.