വൈക്കം: നൂറ്റാണ്ട് പിന്നിട്ട വൈക്കം നഗരസഭയുടെ ചെയർപേഴ്സണായി മത്സ്യവ്യാപാരി. എൽഎഫ് ചർച്ച് വാർഡിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രീതാ രാജേഷാണ് ചെയർപേഴ്സണായി ഇന്നലെ ചുമതലയേറ്റത്. പിന്നാക്ക വിഭാഗത്തിൽനിന്നു ക്ഷേത്രനഗരിയുടെ ചെയർപേഴ്സൺ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് പ്രീതാ രാജേഷ്. നഗരസഭയെ ഇനി രണ്ടു വർഷം പ്രീത നയിക്കും.
കോവിലകത്തുംകടവ് മാർക്കറ്റിൽ മത്സ്യവ്യാപാരം നടത്തിവരികയാണ് മലയാള സാഹിത്യത്തിൽ ബിരുദാനന്തരബിരുദധാരിയായ പ്രീതാ രാജേഷ്. ആലപ്പുഴ സ്വദേശിനിയായ പ്രീതയുടെ പിതാവു മത്സ്യവ്യാപാരിയായതിനാൽ മത്സ്യ മേഖലയുമായി നേരത്തെ ബന്ധമുണ്ടായിരുന്നു. ഭർത്താവായ രാജേഷിന്റെയും തൊഴിൽ മത്സ്യവ്യാപാരമാണ്. രാജേഷിനു പിൻബലമേകാൻ പ്രീതയും കച്ചവടത്തിലേക്കു തിരിയുകയായിരുന്നു.
വൈക്കത്തിന്റെ സമഗ്ര വികസനത്തിനായി കക്ഷി രാഷ്ട്രീയത്തിനതീതമായി യത്നിക്കുമെന്നു പറഞ്ഞ പ്രീത കോവിലകത്തുംകടവ് മാർക്കറ്റിനെ ശുചിത്വ മാർക്കറ്റാക്കുന്നതിനും പ്രവർത്തനം നിലച്ച ഐസ് പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാനും നടപടി സ്വീകരിക്കുമെന്നു പറഞ്ഞു.
കഴിഞ്ഞ രണ്ടരവർഷം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണായിരുന്നതിന്റെ ഭരണപരിചയം തനിക്കു കാര്യങ്ങൾ മനസിലാക്കാൻ സഹായകരമായിട്ടുണ്ട്. ഭരണപ്രതിപക്ഷഭേദമന്യേ കൗൺസിലർമാരും വൈക്കത്തെ പൊതുസമൂഹവും തനിക്കു നൽകുന്ന പിന്തുണ കരുത്താകുന്നതിനൊപ്പം ഉത്തരവാദിത്വവും വർധിപ്പിക്കുന്നതായി ചെയർപേഴ്സൺ പറഞ്ഞു.
ചെയർപേഴ്സണായിരുന്ന രാധികാ ശ്യാം രാജിവച്ചതിനെത്തുടർന്ന് യുഡിഎഫിലെ ധാരണ പ്രകാരം പ്രീത ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.