കൊച്ചി: “നീതിക്കൊപ്പം, പ്രീതാ ഷാജിക്കൊപ്പം’ എന്ന മുദ്രാവാക്യവുമായി ഇടപ്പള്ളിയിൽ ആരംഭിച്ച 48 മണിക്കൂർ പ്രതിരോധ സംഗമം ഇന്ന് സമാപിക്കും. ബന്ധുവിന് വായ്പയ്ക്കായി ജാമ്യം നിന്നതിന്റെ പേരിൽ വീട് ജപ്തി ചെയ്യാൻ ശ്രമിക്കുന്നതിനെതിരേയാണ് പ്രതിരോധ സംഗമം സംഘടിപ്പിച്ചത്.
ഇന്നലെ സമരക്കാർക്ക് ആവേശം നൽകി സിപിഐ നേതാവ് ആനി രാജ സമരപന്തലിൽ എത്തി. നിരവധി സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പിന്തുണയുമായി സമരത്തിൽ വന്നുചേർന്നു. മരണം വരെ നിരാഹാര സമരവുമായി മുന്നോട്ടുപോയിരുന്ന പ്രീതാ ഷാജിയുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെയും ജപ്തി ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു.
ജപ്തി തടഞ്ഞുകൊണ്ട് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് ഇവർ ആദ്യഘട്ടത്തിൽ നിരാഹാര സമരം അവസാനിപ്പിച്ചത്. എന്നാൽ ഇപ്പോൾ പോലിസ് സഹായത്തോടെ നാളെ വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് ഡെബിറ്റ് റിക്കവറി ട്രിബ്യൂണൽ അഡ്വക്കറ്റ് കമ്മിഷണർ നോട്ടിസ് നൽകിയതിനെ തുടർന്നാണ് പ്രതിരോധ സമരം ആരംഭിച്ചത്.
ബാങ്ക് ജപ്തി വിരുദ്ധ സമിതി, സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം, മാനത്തുംപാടം പാർപ്പിട സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.