കൊച്ചി: പ്രീത ഷാജിയുടെ വീടും സ്ഥലം ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള ഉത്തരവും മറ്റു നടപടികളും ഹൈക്കോടതി റദ്ദാക്കി. ബാങ്കിന് നൽകാനുള്ള തുക നൽകി സ്ഥലം സ്വന്തമാക്കുന്നതിന് ഹർജിക്കാരിക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. മുന്പ് സ്ഥലം ലേലത്തിൽ വാങ്ങിയ വ്യക്തിക്ക് ഒരു ലക്ഷം രൂപ നൽകണമെന്നും കോടതി വ്യക്തമാക്കി.
വായ്പാ കുടിശികയുടെ പേരിൽ വീടും പറന്പും ജപ്തി ചെയ്തതിനെതിരെ ഇടപ്പള്ളി സ്വദേശിനി പ്രീത ഷാജിയുടെ കുടുംബം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. സുഹൃത്തിന് രണ്ടു ലക്ഷം രൂപ വായ്പയെടുക്കാൻ ഈടു നൽകിയ ഭൂമി കുടിശിക രണ്ടു കോടി രൂപയായതോടെയാണ് ബാങ്ക് അധികൃതർ ജപ്തി നടപടി സ്വീകരിച്ചത്. തുടർന്ന് 37.5 ലക്ഷം രൂപയ്ക്കാണ് ഭൂമി ലേലം ചെയ്തത്.
വായ്പാ കുടിശികയുടെ പേരിൽ 2005 ൽ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ ലേലത്തിന് അനുമതി നൽകിയെങ്കിലും 2014 ലാണ് ലേലം നടന്നത്. അനുമതി ലഭിച്ച് എട്ടു വർഷത്തിനുശേഷം ലേലം നടത്തിയത് ധനകാര്യ സ്ഥാപനങ്ങളുടെ കടം ഈടാക്കൽ നിയമത്തിനും ആദായ നികുതി നിയമത്തിന്റെ രണ്ടാം ഷെഡ്യൂളിനും വിരുദ്ധമാണെന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്.