കൊച്ചി: കോടതിയലക്ഷ്യത്തിന് പ്രീത ഷാജിക്കും ഭർത്താവിനും ശിക്ഷ. ഹൈക്കോടതി ഉത്തരവു ലംഘിച്ചതിനു പ്രീതയും ഭർത്താവും എറണാകുളം ജില്ലാ ജനറൽ ആശുപത്രിക്കു കീഴിലുള്ള കിടപ്പു രോഗികളെ 100 മണിക്കൂർ പരിചരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ദിവസം ആറുമണിക്കൂർ വീതമാണു പരിചരിക്കേണ്ടത്. പരിചരണം നടത്തിയെന്നു മെഡിക്കൽ സൂപ്രണ്ട് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
വീടും പറന്പും ലേലത്തിൽ പിടിച്ചയാൾക്ക് ഒഴിഞ്ഞുകൊടുക്കാനുള്ള ഹൈക്കോടതി ഉത്തരവു പാലിക്കാതിരുന്ന പ്രീത ഷാജിയും ഭർത്താവ് ഷാജിയും സാമൂഹ്യസേവനം അനുഷ്ഠിക്കണമെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. ഏതു തരത്തിലുള്ള സേവനമാണ് ഇവർ ചെയ്യേണ്ടതെന്നാണു കോടതി ഇന്നു തീരുമാനിച്ചത്.
വീടും പറന്പും ഒഴിയാനുള്ള ഉത്തരവു പ്രീത ഷാജിയും കുടുംബവും പാലിച്ചില്ലെന്നാരോപിച്ചു ഭൂമി ലേലത്തിൽ പിടിച്ച എം.എൻ. രതീഷ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
കോടതി വിധി നടപ്പാക്കുന്നതു തടഞ്ഞ ഇവർ പൊതുജന പ്രതിഷേധം സംഘടിപ്പിച്ചു പോലീസിനെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി. ഇത്തരം തെറ്റ് പൊറുത്തു നൽകുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. തുടർന്നാണ് ശിക്ഷയെന്ന നിലയിൽ സാമൂഹ്യ പ്രവർത്തനം നടത്താൻ നിർദേശിക്കുന്നത്.
പ്രീത ഷാജിയുടെ വീടും പുരയിടവും ലേലത്തിൽ വിറ്റ നടപടി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. 43 ലക്ഷം രൂപ ബാങ്കിൽ അടച്ചാൽ വീടും സ്ഥലവും പ്രീത ഷാജിക്ക് തിരികെ എടുക്കാമെന്നു കോടതി ഉത്തരവിട്ടു. ഈ പണം പൊതുജനങ്ങളിൽനിന്നു പിരിച്ച് പ്രീത ഷാജി അടച്ചു.