കളമശേരി: ജാമ്യം നിന്നതിന്റെ പേരിൽ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ നിരാഹാര സമരപ്പന്തൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് എം.എം. ഹസനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്ദർശിച്ചു. പ്രശ്നത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
പാവപ്പെട്ടവരോട് മനുഷ്യത്വപരമായ സമീപനമാണ് ബാങ്കുകൾക്ക് വേണ്ടതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. വായ്പയെടുത്ത് മനപൂർവം ഗവൺമെന്റിനെയും ബാങ്കുകളെയും കൊള്ളയടിക്കുന്നവർക്കെതിരെയാണ് കർശനമായ നിയമം കൊണ്ടുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഉറപ്പ് പാലിക്കണമെന്നും ഈ വിഷയത്തിൽ ഒരു ഒത്തുതീർപ്പ് ഉടൻ ഉണ്ടാക്കാൻ ശ്രമിക്കണം. ഗവൺമെന്റിനു മാത്രമെ ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളൂ എന്നും എം.എം. ഹസൻ പറഞ്ഞു.