മരിച്ച് ഒരുവര്‍ഷമായിട്ടും വിവാദങ്ങളില്‍ നിന്ന് മോക്ഷമില്ല! അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് വഴിത്തിരിവ്; ശ്വാസമറ്റ നിലയിലാണ് അവരെ എത്തിച്ചതെന്ന് അപ്പോളോ ഉപാധ്യക്ഷയുടെ വെളിപ്പെടുത്തല്‍

മരണശേഷവും വിവാദങ്ങളുടെ പിടിയില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കാത്ത വ്യക്തിത്വമാണ് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടേത്. ജീവിച്ചിരിക്കുമ്പോഴെന്നതുപോലെ ഒട്ടേറെ ചര്‍്ചകള്‍ക്ക് വഴിവച്ചതാണ് ജയലളിതയുടെ മരണവും. ഇപ്പോഴിതാ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജയയ്ക്ക് ശ്വാസമില്ലായിരുന്നുവെന്ന അപ്പോളോ ആശുപത്രി ഉപാധ്യക്ഷ പ്രീത റെഡ്ഡിയുടെ വെളിപ്പെടുത്തലാണത്. 75 ദിവസമാണ് ജയലളിത അപ്പോളോയില്‍ ചികിത്സയില്‍ കഴിഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല.

പിന്നീട് ഡിസംബര്‍ 5ന് ജയയുടെ മൃതദേഹമാണ് പുറത്തു വന്നത്. ജയയുടെ അസുഖവും മരണവും ഇപ്പോഴും ദുരൂഹവുമായി തുടരുമ്പോഴാണ് അപ്പോളോ അധികൃതരുടെ പുതിയ വെളിപ്പെടുത്തല്‍. ശ്വാസമറ്റ നിലയില്‍ അര്‍ദ്ധബോധാവസ്ഥയിലാണ് ജയയെ കൊണ്ടുവന്നത്. എന്നാല്‍, വിദഗ്ധ ചികില്‍സകള്‍ക്കുശേഷം അവര്‍ ആരോഗ്യം വീണ്ടെടുത്തെന്നും ന്യൂഡല്‍ഹിയില്‍ ഒരു സ്വകാര്യ ചാനലിനോട് പ്രീതി റെഡ്ഡി പറഞ്ഞു. ന്യൂഡല്‍ഹിയില്‍നിന്നും വിദേശത്തുനിന്നും ലഭ്യമായ മികച്ച ഡോക്ടര്‍മാരാണ് ജയയെ ശുശ്രൂഷിച്ചത്. ആശുപത്രിക്കു പറ്റാവുന്നതിന്റെ പരമാവധി മികച്ച ചികില്‍സ അവര്‍ക്ക് നല്‍കിയിട്ടുണ്ട്.

മരണം സംബന്ധിച്ച അന്വേഷണം നടക്കട്ടെ. അവര്‍ രേഖകള്‍ പരിശോധിച്ചാല്‍ നിഗൂഢത ഇല്ലാതാകുമെന്നും അവര്‍ പറഞ്ഞു. അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികള്‍ വിരലടയാളം എടുക്കുമ്പോള്‍ ജയലളിത ബോധവതിയായിരുന്നോ എന്ന ചോദ്യത്തിന്, ആ സമയത്ത് താനവിടെ ഇല്ലായിരുന്നു എന്നായിരുന്നു പ്രീതയുടെ മറുപടി. ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിക്കാന്‍ റിട്ട. ജഡ്ജി ജസ്റ്റിസ് എ.അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. കമ്മിഷന്‍ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.

 

Related posts