കണ്ണൂർ: പുലർച്ചെ നടക്കുന്ന സ്ത്രീകളെ ഭയപ്പെടുത്താൻ കണ്ണൂരിൽ പ്രേത വേഷം കെട്ടിയ യുവാവിന്റെ നാടകം. ഇന്നു പുലർച്ചെ 5.30 ഓടെ പയ്യാന്പലം ഗേൾസ് ഹൈസ്കൂളിനും മിലിട്ടറി ഹോസ്പിറ്റലിനും ഇടയിലായിരുന്നു സംഭവം. സ്വകാര്യ എഫ്എമ്മിൽ ആർജെ ആയി ജോലിചെയ്യുന്ന യുവതിയും അയൽവാസിയായ യുവതിയും പുലർച്ചെ നടക്കുന്നതിനിടെയാണ് പ്രേതവേഷം കെട്ടിയ യുവാവിനെ കണ്ടത്.
യുവതികൾ റോഡിലൂടെ നടന്നുപോകുന്നതിനിടെയിൽ സമീപത്തെ പഴയ വീടിന്റെ മതിൽ ചാടിക്കടന്ന പ്രേത രൂപം കെട്ടിയയാൾ റോഡിൽ നിൽക്കുകയായിരുന്നു. വെള്ള മാക്സി ധരിച്ചെത്തിയ ഇയാൾ ഇവർ വരുന്ന വഴിയിലെ റോഡിൽ നിലയുറപ്പിക്കുകയായിരുന്നു. ഉള്ള ധൈര്യം സംഭരിച്ച് യുവതികൾ ഞരന്പ് രോഗിയാണെന്ന് ധരിച്ച് നടന്നുനീങ്ങിയെങ്കിലും ഇവർ ഇയാളുടെ അടുത്തെത്താനായപ്പോൾ വായ പിളർന്നു കാണിക്കുകയായിരുന്നു.
അപ്പോൾ രക്തം കുടിച്ച രക്ഷസിനെ പോലെ പല്ലിൽനിന്ന് രക്തം ഉറ്റുന്ന രീതിയിൽ വായിൽ വലിയ പ്രകാശം പുറത്തേക്കു വരുന്ന രീതിയിലായിരുന്നു രൂപം. ഇതു കണ്ടത്തോടെ ഇരുവരും പ്രാണരക്ഷാർഥം ഓടുകയും അടുത്ത കണ്ട പട്ടാളക്കാരനോട് കാര്യം പറയുകയുമായിരുന്നു.
ഇതിനുശേഷം ഇവർ മൂന്നുപേരെ വന്നു നോക്കിയെങ്കിലും ഈ വെള്ള മാക്സിക്കാരി എസ്എൻ പാർക്ക് ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വനിതാസെല്ലിൽനിന്നുള്ള പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വെളുത്ത് അജാനുബാഹുവായ ഒരാളാണ് വേഷം കെട്ടിയെത്തിയതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.