അടുത്ത കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ മലയാളികളെ കരയിച്ച ഒരു വ്യക്തിയാണ് അപൂര്‍വ ത്വക്ക് രോഗം ബാധിച്ച പ്രീതി എന്ന ചേലക്കര സ്വദേശിനി. രോഗത്താല്‍ തന്റെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണെന്നും മനപൂര്‍വമല്ലെങ്കിലും ആളുകള്‍ക്ക് തന്റെ രൂപം കാണുമ്പോള്‍ ഭയമാണെന്നും അതുകൊണ്ട് ഒരു ജോലി പോലും ചെയ്ത് ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥയിലാണെന്നുമെല്ലാം വെളിപ്പെടുത്തി പ്രീതി രംഗത്തെത്തിയപ്പോള്‍ ആളുകള്‍ വല്ലാതെ വിഷമിച്ചു.
എന്നാല്‍ ഇപ്പോഴിതാ പ്രീതിയുടെ അവസ്ഥയില്‍ മനസലിഞ്ഞ് ധാരാളം സുമനസുകള്‍ പലവിധത്തില്‍ പ്രീതിയെ സഹായിക്കാനായി രംഗത്തെത്തിയിരിക്കുന്നു. അതിലൊന്നാണ് ജ്യോതി എന്‍ജിനീറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ പ്രീതിയ്ക്ക് കോളജില്‍ നല്‍കിയ സ്വീകരണം. പ്രീതിയുടെ ദുഃഖകരമായ അവസ്ഥ സമൂഹമാധ്യമങ്ങള്‍ വഴി അറിഞ്ഞ വിദ്യാര്‍ഥികള്‍ ഒറ്റദിനത്തില്‍ 1,10,000 രൂപ സമാഹരിച്ച് പ്രീതിയ്ക്ക് നല്‍കുകയും ചെയ്തു.
വലിയ സ്വീകരണം ഒരുക്കിയാണ് വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്‌മെന്റും പിടിഎയും ഒന്നിച്ചു പ്രീതിയുടെ ചികിത്സയ്ക്കായി പണം കൈമാറിയത്. മറ്റുള്ളവരില്‍നിന്നുള്ള ഒറ്റപ്പെടലും കുറ്റപ്പെടുത്തലുകളും നിറഞ്ഞതോടെ പത്താംക്ലാസില്‍ പ്രീതി പഠനം അവസാനിപ്പിച്ചു. ഒപ്പമിരുന്ന് പഠിക്കാന്‍ സഹപാഠികള്‍ സമ്മതിക്കാത്തതിനാല്‍ ഒരു ബെഞ്ചില്‍ ഒറ്റയ്ക്കിരുന്നു പഠനം.
വിദ്യാര്‍ഥികളുടെ സ്‌നേഹവും കരുതലും രോഗം വേഗത്തില്‍ മാറുമെന്ന മാനസികാവസ്ഥ നല്‍കിയെന്നായിരുന്നു സ്വീകരണച്ചടങ്ങില്‍ പ്രീതിയുടെ മറുപടി. മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള ആഗ്രഹത്തിന്റെ ജ്യോതി പടര്‍ത്തിയതും ആ സ്‌നേഹമാണ്. വിദ്യാര്‍ഥികളില്‍ ഒരാളായി, ഒരു സഹോദരിയായി തന്നെ കണ്ടതിലുള്ള സന്തോഷവും സംതൃപ്തിയും അറിയിച്ചാണ് പ്രീതി മടങ്ങിയത്. ഇതിനു പുറമേ, കാന്‍സറിനെ അതിജീവിച്ച നന്ദു എന്ന കുട്ടി എഴുതിയ വരികള്‍ ആലപിക്കുന്നതിനുള്ള അവസരവും പ്രീതിയ്ക്ക് ലഭിച്ചിട്ടുണ്ട്.