സിജോ പൈനാടത്ത്
കൊച്ചി: ഹൃദയം മാറ്റിവയ്ക്കൽ ഉൾപ്പെടെ അവയവദാനം ഫലപ്രദമല്ലെന്നു കുറ്റപ്പെടുത്തുന്നവരോടു ജീവിതംകൊണ്ടെഴുതിയ കഥയുമായി ഒരു യുവതി. പതിനേഴു വർഷം മുന്‍പ് തന്റെ ഹൃദയം മാറ്റിവയ്ക്കലിലൂടെ തിരിച്ചുപിടിച്ച പുതുജീവിതത്തെക്കുറിച്ചു പറയാൻ കേരളത്തിലെത്തിയതു മധ്യപ്രദേശിലെ ഇൻഡോറിൽനിന്നുള്ള പ്രീതി ഉനാലെ.
ഇന്ത്യയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരായവരിൽ ഏറ്റവുമധികം കാലം ജീവിച്ചിരിക്കുന്നയാളാണു പ്രീതി. ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കലിന്റെ അന്‍പതാം വാർഷികദിനമായ ഇന്ന് അവയവദാനത്തിന്റെ നന്മ മലയാളികളോടു പങ്കുവയ്ക്കാനാണു പ്രീതി എത്തിയത്.
ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന ഗുരുതരരോഗം ബാധിച്ച പ്രീതിയെ 2001 ജനുവരി 23നാണു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയത്. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു(എയിംസ്) ശസ്ത്രക്രിയ. അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പതിന്നാലുകാരന്റെ ഹൃദയമാണു പ്രീതിയിൽ തുന്നിച്ചേർത്തത്.
പതിനേഴു വർഷം മുന്‍പ് അവയവദാനത്തിന്റെ മഹത്വം മനസിലാക്കിയ ഏതാനും പേരുണ്ടായിരുന്നതാണ് ഇന്നു താൻ ജീവിച്ചിരിക്കുന്നതിനു കാരണമമെന്നു മുപ്പത്തിമൂന്നുകാരിയായ പ്രീതി പറയുന്നു. അവയവദാനത്തെക്കുറിച്ചു ചിലർക്കുള്ള അബദ്ധധാരണകൾ മാറേണ്ടതുണ്ട്. ഹൃദയം ഉൾപ്പടെ വിവിധ അവയവങ്ങൾക്കായി കാത്തിരിക്കുന്ന അനേകം പേരുണ്ടെന്നും അവർ പറഞ്ഞു.
ഹൃദയം മാറ്റിവയ്ക്കലിനു ശേഷമായിരുന്നു പ്രീതിയുടെ വിവാഹം. ഇപ്പോൾ എയിംസിനോടനുബന്ധിച്ച് അവയവദാനം പ്രോത്സാഹിപ്പിക്കാനായി പ്രവർത്തിക്കുന്ന ഓർഗൻ റിട്രീവൽ ആൻഡ് ബാങ്കിംഗ് ഓർഗനൈസേഷനിൽ (ഓർബോ) സേവനം ചെയ്യുന്നു.
പിറവം ആരക്കുന്നം സ്വദേശിയായ ശ്രുതി ശശി എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം നാലു വർഷം പൂർത്തിയാക്കി. ലാബ് ടെക്നീഷനായി ജോലി ചെയ്യുകയാണു ശ്രുതി.