അഞ്ചല്‍ : പൂനെയില്‍ ഭര്‍ത്തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.
അഞ്ചൽ അറയ്ക്കൽ പൊടിയാട്ടുവിള മധു മന്ദിരത്തിൽ മധുസൂദനൻപിള്ള -അംബിക ദമ്പതികളുടെ മകൾ പ്രീതി (ചിഞ്ചു -27) യുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെയോടെ നാട്ടിലെത്തിച്ചത്.
നാട്ടിലെത്തിച്ച മൃതദേഹം അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവരുടെ സാനിധ്യത്തില്‍ ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
അതേസമയം പ്രീതിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പിതാവ് അടക്കമുള്ള ബന്ധുക്കള്‍ ആരോപിച്ചു.
സ്ത്രീധനത്തിന്റെ പേരില്‍ അഖില്‍ മകളെ വലിയ രീതിയില്‍ ഉപദ്രവിച്ചിരുന്നു.
ഇക്കാര്യം മകള്‍ തങ്ങളോടു ഒളിച്ചുവയ്ക്കുകയും അതേസമയം സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുകയും ചെയ്തിരുന്നുവെന്ന് പിതാവ് മധുസൂദനൻപിള്ള പറയുന്നു.
മകളുടെ ശരീരത്ത് മര്‍ദനമേറ്റതിന്റെ നിരവധി പാടുകളാണ് ഉള്ളതന്നും പിതാവ് വ്യക്തമാക്കി.
ദില്ലിയിൽ സ്ഥിര താമസമാക്കിയ പ്രീതിയും പൂനെ മലയാളിയായ അഖിലും തമ്മിലുള്ള വിവാഹം 2015 ലാണ് നടന്നത്. 125 പവൻ സ്വർണമാണ് അഖിലിന് സ്ത്രീധനമായി നൽകിയത്.
പിന്നീട് തനിക്ക് ബിസിനസിൽ തിരിച്ചടിയുണ്ടായെന്നും സാമ്പത്തിക ബാധ്യതകൾ തീർത്ത് തരണമെന്നും അഖിൽ ആവശ്യപ്പെട്ടതനുസരിച്ചു പലതവണയായി 83 ലക്ഷം രൂപയോളം നൽകി സഹായിച്ചു.
എന്നാല്‍ പിന്നെയും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഇത് കിട്ടാതെ വന്നപ്പോള്‍ മുതലാണ് അഖില്‍ പ്രീതയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും പിതാവ് പൂനെ ബോസരി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
മകളുടെ ഭർത്താവും അമ്മയും കൂടിയാണ് മകളെ കൊലപ്പെടുത്തിയതെന്നും മകൾക്ക് നീതി കിട്ടുന്നത് വരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പിതാവ് പറയുന്നു.
ബന്ധുക്കളുടെ പരാതിയില്‍ അഖിലിനെയും മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.