ഓസ്ട്രേലിയയിൽ കാണാതായ ഇന്ത്യക്കാരിയായ യുവ ദന്ത ഡോക്ടറെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. മുപ്പത്തിരണ്ടുകാരിയായ പ്രീതി റെഡ്ഡിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിഴക്കൻ സിഡ്നിയിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിൽ സ്യൂട്ട്കേസിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്.
ഞായറാഴ്ച ജോർജ് സ്ട്രീറ്റിലെ മക്ഡോണൾഡ് ലൈനിലാണ് പ്രീതിയെ അവസാനമായി കണ്ടത്. ചൊവ്വാഴ്ച കിംഗ്സ്ഫോർഡിലെ സ്ട്രാച്ചൻ ലെയ്നിൽ ഇവരുടെ കാർ നിർത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.
ഞായറാഴ്ച സെന്റ്.ലിയനാർഡ്സിൽ നടന്ന ഡെന്റൽ കോൺഫറൻസിൽ പ്രീതി പങ്കെടുത്തിരുന്നു. അന്ന് രാവിലെ 11 ന് കുടുംബവുമായി പ്രീതി സംസാരിക്കുകയും ചെയ്തിരുന്നു. രാവിലത്തെ ഭക്ഷണത്തിനു ശേഷം വീട്ടിലേക്ക് എത്തുമെന്നാണ് ഇവർ അറിയിച്ചത്. എന്നാൽ എത്താതിരുന്നതിനെ തുടർന്ന് കുടുംബം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.