ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവള്‍ ഏറ്റവും കൂടുതല്‍ തന്റെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത് ഗര്‍ഭാവസ്ഥയിലാണ്. കാരണം ആ സമയത്ത് സ്ത്രീകള്‍ സുരക്ഷയൊരുക്കേണ്ടത്, രണ്ട് ജീവനുകളുടെ സംരക്ഷണത്തിനായാണ്. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ഒരു സ്ത്രീ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. എന്തൊക്കെ കഴിക്കണം, ആരോഗ്യപരിചരണത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം അങ്ങനെ പലതും. പലര്‍ക്കും ഇതൊക്കെ അറിയാമെങ്കിലും ശ്രദ്ധക്കുറവുകൊണ്ടോ തിരക്കുമൂലമോ വിട്ടുകളയുകയാണ് പതിവ്. എന്നാല്‍ സമാനമായ ചില വേണ്ടപ്പെട്ട അറിവുകള്‍ കൈയ്യില്‍ കിടക്കുന്ന വള പറഞ്ഞുതന്നോലോ. വളയ്ക്കെങ്ങനെ ഇത്തരം കാര്യങ്ങള്‍ പറഞ്ഞു തരാന്‍ സാധിക്കുമെന്നല്ലേ.
വളയുടെ ആകൃതിയും രൂപവുമുളള ഒരു സ്മാര്‍ട്ട് വിയറബിള്‍ ഡിവൈസാണ് സംഭവം. വേണമെങ്കില്‍ ഒരു ഹൈ ടെക് വള എന്നു പറയാം. ബംഗ്ലാദേശില്‍ നിന്നുള്ള സന്നദ്ധ സംഘടനയായ ഗ്രാമീണ്‍ ട്രസ്റ്റും ഇന്റല്‍ കോര്‍പറേഷനും സംയുക്തമായാണ് കോയല്‍ അഥവാ കാര്‍ബണ്‍ മോണോക്സൈഡ് എക്സപോഷര്‍ ലിമിറ്റര്‍ എന്ന സ്മാര്‍ട്ട് വള നിര്‍മിച്ചിരിക്കുന്നത്. സാധാരണ വളകള്‍ പോലെ തന്നെ അതിമനോഹരമായ ഡിസൈനുകളുമായാണ് ഈ വളകളും മാര്‍ക്കറ്റില്‍ എത്തുന്നത്. ഇക്കാരണത്താല്‍ വീട്ടിലിരിക്കുമ്പോള്‍ മാത്രമല്ല, പുറത്തുപോവുമ്പോഴും സ്ത്രീകള്‍ക്ക് ഈ വള ഉപയോഗിക്കാവുന്നതാണ്. ഏകദേശം 830 ഓളം സ്ത്രീകള്‍ ഗര്‍ഭകാലത്ത് പ്രതിദിനം മരണമടയുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാരണത്താലാണ് ഗര്‍ഭിണികളായ സ്ത്രീകളുടെ സുരക്ഷയ്ക്കായി സ്മാര്‍ട്ട് വളകള്‍ പുറത്തിറക്കിയിരിക്കുന്നത്.
പ്ലാസ്റ്റിക് കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. വെള്ളം കയറിയാല്‍ ചീത്തയാവുകയുമില്ല. ഒമ്പത് മാസത്തോളം ചാര്‍ജ് നില്‍ക്കുന്ന ബാറ്ററിയാണ് വളയില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇന്റര്‍നെറ്റ് കണക്ഷനും ആവശ്യമില്ല. ഗര്‍ഭകാലത്ത് എന്തൊക്കെ കഴിക്കണം, ഏത് സമയത്ത് ഡോക്ടറെ കാണണം തുടങ്ങിയ വിവരങ്ങള്‍ ആഴ്ചയില്‍ രണ്ടു തവണ പ്രാദേശികഭാഷയില്‍ ലഭ്യമാക്കാനുള്ള സൗകര്യം വളയിലുണ്ട്. പാചകത്തിനായി വിറകടുപ്പോ ചാണകവറളിയോ മറ്റോ ഉപയോഗിക്കുമ്പോള്‍ പിന്തള്ളപ്പെടുന്ന കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവ് ഉയര്‍ന്നാല്‍ അത് അറിയിക്കാനുള്ള സൗകര്യവും വളയിലുണ്ട്. റീചാര്‍ജ് ചെയ്ത് വീണ്ടും ഉപയോഗിക്കാമെന്ന ഗുണവുമുണ്ട്.
775 മുതല്‍ 968 രൂപ വരെയാണ് വില. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിവര്‍ഷം അയ്യായിരം സ്ത്രീകളാണ് പ്രസവത്തോടെയും അനുബന്ധ ബുദ്ധിമുട്ടുകള്‍ കൊണ്ടും മരണപ്പെടുന്നത്. പ്രതിവര്‍ഷം 77000 നവജാതശിശുക്കള്‍ മരണപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആദ്യഘട്ടത്തില്‍ സ്മാര്‍ട് വളകള്‍ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും വിപണിയിലെത്തിക്കുമെന്ന് ഇന്റല്‍ സോഷ്യല്‍ ബിസിനസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പവേല്‍ ഹഖ് അറിയിച്ചു.