പ്രസവ ശുശ്രൂഷാരംഗത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് വര്‍ധിച്ചുവരുന്ന സിസേറിയന് പ്രസവങ്ങള്‍. വര്‍ത്താമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇത് ഒരു ചര്‍ച്ചാ വിഷയമാകുന്നുണ്ട്. ഇതില്‍ ഡോക്ടര്‍മാരുടെ പങ്ക് എത്രമാത്രമുണ്ട്? സ്ത്രീരോഗ വിദഗ്ധര്‍ മനസിരുത്തിയാല്‍ ഇത് കുറയ്ക്കാന്‍ കഴിയുമോ?
15 ശതമാനം
എന്തായിരിക്കണം ഒരു മാതൃകാ സിസേറിയന് നിരക്ക്? ഇതേക്കുറിച്ച് കൃത്യമായ ഒരു മാര്‍ഗനിര്‍ദേശം ഇല്ലെന്നുതന്നെ പറയാം. 1980കളിലാണ് ലോകാരോഗ്യ സംഘടന ഈ വിഷയത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടുള്ളത്. 100 സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ 15 പേര്‍ക്ക് സിസേറിയന് വേണ്ടി വരാം എന്ന് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചിരുന്നു.
15% എന്നൊരു നിരക്ക് മുന്നോട്ടു വച്ച കാലഘട്ടത്തില്‍, അതായത് 40 വര്‍ഷം മുമ്പ് അന്നത്തെ നമ്മുടെ മാതൃമരണ നിരക്ക് 180 ആയിരുന്നു. 2024ല്‍ കേരളത്തിന്റെ മാതൃമരണ നിരക്ക് 26 ആണ്.
ആരോഗ്യരംഗത്ത് നാം വരിച്ചിട്ടുള്ള നേട്ടത്തിന്റെ ഒരു പ്രധാന സൂചനയാണ് ഈ കുറഞ്ഞ മാതൃമരണ നിരക്ക്. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും അവസരോചിതമായ സിസേറിയനുകളുമാണ് മാതൃമരണ നിരക്ക് കുറയാനുള്ള പ്രധാന കാരണം.
തിരിച്ചുപോക്ക് ആവശ്യമാണോ?
സിസേറിയന് നിരക്ക് കുറയാന്വേണ്ടി 1980കളിലേക്ക് ഒരു തിരിച്ചുപോക്ക് ആവശ്യമാണോ? അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും ജീവനും അപകടത്തിലാക്കിക്കൊണ്ടു മാത്രമേ സിസേറിയന് നിരക്ക് 15 ശതമാനം എന്ന നിലയിലേക്കുള്ള തിരിച്ചുപോക്ക് സാധ്യമാകൂ. അത് അഭിലഷണീയമല്ല. ഒരു ഗര്‍ഭം സിസേറിയന് പ്രസവത്തിലവസാനിപ്പിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്.
ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായാൽ…
ഗര്‍ഭിണികള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം വന്നാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എത്രയും പെട്ടെന്ന് കുഞ്ഞിനെ പുറത്തെടുക്കുക എന്നതാണ് അതിന്റെ പ്രതിവിധി. ആ അനുവദനീയമായ ചുരുങ്ങിയ സമയത്തിനുള്ളില്‍ സാധാരണ പ്രസവം സാധ്യമാകാതെ വരുമ്പോള്‍ സിസേറിയന് ചെയ്യുക മാത്രമേ നിവര്ത്തിയുള്ളു.
ഇത്തരത്തില്‍ സുഖപ്രസവത്തിന് കാത്തിരിക്കുന്നത് ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. അമ്മയ്ക്ക് ഫിറ്റ്സ് (Eclampsia) വരാം, അമ്മയുടെ കരളും വൃക്കകളും തകരാറിലാകാം, തലച്ചോറില്‍ രക്തസ്രാവം വന്ന മരണത്തിനു തന്നെ കാരണമാകാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സിസേറിയന് പ്രസവം ഒരു സമയോചിതമായ ഒരു ഇടപെടല്‍ മാത്രമാണ്.